
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച ഹര്‍ജിയില്‍ ലോകായുക്തയുടെ വിധി വന്നതോടെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നതില്‍ കൃത്യതയായെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. രണ്ടു മാസമായി പ്രതിപക്ഷവും മാധ്യമങ്ങളും ചേര്‍ന്നു വലിയ നിലയിലുള്ള ആരോപണ സമുച്ചയം തീര്‍ക്കുകയായിരുന്നെന്നും കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതി പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും ചേര്‍ന്നതല്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വി.സി. നിയമനം സംബന്ധിച്ച വിവാദങ്ങളോടു പലവട്ടം പ്രതികരിച്ചെങ്കിലും വീണ്ടും ആരോപണ പരമ്പരകളുമായി ചിലര്‍ മുന്നോട്ടുപോകുകയായിരുന്നു. കാര്യങ്ങള്‍ വിശദമായി പഠിക്കാതെയുള്ള പ്രസ്താവനകള്‍ ഭൂഷണമല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രവും സമൂലവുമായ മാറ്റമുണ്ടാക്കാമെന്ന ദൃഢനിശ്ചയത്തോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ട ചുമതലയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുള്ളത്. ഈ ജോലി നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രധാനപ്പെട്ടതാണ് അത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങളും മുന്നേറ്റവും സൃഷ്ടിക്കുകയെന്നതു കേരളീയ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇതു ചെയ്യാനുള്ള സാവകാശം അനുവദിക്കാനുള്ള സൗമനസ്യം എല്ലാവരില്‍നിന്നും പ്രതീക്ഷിക്കുന്നു.
പൊതുപ്രവര്‍ത്തനത്തിന്റെ സുദീര്‍ഘ പാരമ്പര്യമുള്ളവര്‍ വിവാദങ്ങളുണ്ടാക്കാനും അതിനു പിന്നാലെ പോകാനുമല്ല പരിശ്രമിക്കേണ്ടത്.
നിരവധി കാര്യങ്ങള്‍ പോസിറ്റിവായി ചെയ്യാനുണ്ട്. അതിനായി ഭരണ – പ്രതിപക്ഷങ്ങള്‍ കൈകോര്‍ത്തുനിന്നു പ്രവര്‍ത്തിക്കണം. മാധ്യമങ്ങളും ഇതിനു പിന്തുണ നല്‍കണം. വക്രീകരണവും തമസ്‌കരണവുമല്ല, പകരം ആര്‍ജവത്തോടെയുള്ള പ്രവര്‍ത്തനമാണു കേരളീയ സമൂഹം മാധ്യമങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നത്. സമൂഹത്തിന്റെ ഉത്തമ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടത്. ഏതു മനുഷ്യര്‍ക്കും മനസിലാകുന്ന കാര്യങ്ങള്‍പോലും മനസിലായിട്ടില്ല എന്ന രീതിയില്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കരുത്. വ്യക്തിപരമായ ആരോപണങ്ങളും ആക്രമണങ്ങളുമല്ല മാധ്യമ പ്രവര്‍ത്തനത്തിന്റെ രീതിയെന്നും മന്ത്രി പറഞ്ഞു.




