
വാഹനത്തിന് രൂപമാറ്റം വരുത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്‍മ്മാര്‍ക്കെതിരായ കേസില്‍ വാഹനത്തിലെ മുഴുവന്‍ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകള്‍ ഉടമയുടെ സ്വന്തം ചെലവില്‍ എം വി ഡി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നീക്കണമെന്നും വാഹനം നിയമാനുസൃതമായ രീതിയില്‍ തിരികെ സ്റ്റേഷനില്‍ ഏല്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വ്‌ളോഗര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. ആറ് മാസത്തേക്ക് താല്‍ക്കാലികമായി റദ്ദാക്കപ്പെട്ട രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കപ്പെടാതിരിക്കാന്‍ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലാണ് വാഹനം സൂക്ഷിച്ചിരുന്നത്. കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഇവരുടെ വാന്‍ പിടിച്ചെടുത്തത്.
ഇ ബുള്‍ജെറ്റ് വ്ലോഗര്‍ സഹോദരന്‍മാര്‍ക്കും അവരുടെ നെപ്പോളിയന്‍ എന്ന കാരവനെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഒമ്പതോളം നിയമലംഘനങ്ങള്‍ കാരവനില്‍ കണ്ടെത്തിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരുന്നു. വെള്ള നിറത്തിലായിരുന്ന വാനിന്റെ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് വ്ലോഗര്‍ സഹോദരന്‍മാര്‍ നടത്തിയിരിക്കുന്നത്.




