Section

malabari-logo-mobile

വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെ ലോക്സഭ പാസാക്കി

HIGHLIGHTS : ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെ ലോക്സഭ പാസാക്കി. 2 പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസ...

brihathi
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ 454 പേരുടെ പിന്തുണയോടെ ലോക്സഭ പാസാക്കി. 2 പേര്‍ ബില്ലിനെ എതിര്‍ത്തു. എട്ടു മണിക്കൂര്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ബില്‍ പാസായത്. നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും സ്ത്രീകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍.

കേരളത്തില്‍ നിന്നുള്ള എന്‍ കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, ഇ ടി മുഹമ്മദ് ബഷീര്‍, ഹൈബി ഈഡന്‍ എന്നിവര്‍ വനിതാ സംവരണ ബില്ലില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഈ ഭേദഗതി ബില്‍ പിന്‍വലിക്കുകയായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കും പിന്നക്കക്കാര്‍ക്കും ഉപസംവരണം വേണമെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദ്ദേശം സഭ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. വനിതാ സംവരണ ബില്‍ മുസ്ലിം സ്ത്രീകള്‍ക്ക് വിരുദ്ധമാണെന്നും അസദുദ്ദീന്‍ ഒവൈസി നേരത്തെ പറഞ്ഞിരുന്നു.

വനിതാ സംവരണബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ സംസാരിച്ച ഭരണ-പ്രതിപക്ഷ അംഗങ്ങളെല്ലാം ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്‍ സ്ത്രീകളുടെ അന്തസ്സും അവസര സമത്വവും ഉയര്‍ത്തും. സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുമുള്ള ആമുഖത്തോടെയായിരുന്നു കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ബില്‍ അവതരിപ്പിച്ചത്. ഏഴു മണിക്കൂറായിരുന്നു ബില്ലിന്റെ ചര്‍ച്ചയ്ക്കായി നീക്കവെച്ചത്. പുതിയ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും.

sameeksha-malabarinews

പ്രതിപക്ഷത്ത് നിന്നും ആദ്യം സംസാരിച്ച സോണിയ ഗാന്ധി ബില്ലിന് പൂര്‍ണപിന്തുണ അറിയിച്ചാണ് സംസാരിച്ചത്. ‘കോണ്‍ഗ്രസ് ഈ ബില്ലിനെ പിന്തുണയ്ക്കുന്നു. ഈ ബില്‍ പാസാക്കിയതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, എന്നാല്‍ ആശങ്കയുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവരോട് കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയാണ്. എത്ര വര്‍ഷം. കാത്തിരിക്കേണ്ടി വരും. ബില്‍ ഉടനടി നടപ്പിലാക്കുകയും ജാതി സെന്‍സസ് നടത്തി എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുകയും വേണം’; സോണിയാ ഗാന്ധി പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രം വനിതാ സംവരണ ബില്‍ കൊണ്ടുവന്നതെന്ന് ആംആദ്മി പാര്‍ട്ടി എംപി സുശീല്‍ റിങ്കു പറഞ്ഞു. ബില്‍ പാസാക്കുന്നതിന് മുമ്പ് നിരവധി തടസ്സങ്ങള്‍ മുന്നിലുണ്ട്. സെന്‍സസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീണ്ട നടപടിക്രമമാണെന്നും ആം ആദ്മി പാര്‍ട്ടി എംപി പറഞ്ഞു. രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്ന് ഡിഎംകെ അംഗം പി കനിമൊഴി കുറ്റപ്പെടുത്തി. ‘ഈ സമ്മേളനം വിളിച്ചത് എന്തിനാണെന്ന് പോലും ഞങ്ങള്‍ക്കറിയില്ല. വനിതാ സംവരണബില്ലിനെ കുറിച്ച് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്. എല്ലാവരും ഒരുമിച്ചുനിന്ന് ബില്ല് പാസാകുമെന്ന് ഞങ്ങള്‍ കരുതി. എന്നാല്‍ ബിജെപി ഇതിനേയും രാഷ്ട്രീയ അവസരമായി ഉപയോഗിച്ചു’; കനിമൊഴി പറഞ്ഞു.

‘രാജ്യത്ത് വനിതാ മുഖ്യമന്ത്രിയുള്ള ഒരേയൊരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്ന ഞങ്ങളുടെ നേതാവ് മമതാ ബാനര്‍ജിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ എന്നായിരുന്നു ടിഎംസി എംപി ഡോ. കകോലി ഘോഷിന്റെ നിലപാട്. വനിതാ സംവരണ ബില്ലില്‍ ഒബിസി റിസര്‍വേഷന്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചു. വനിതാ സംവരണ ബില്ലില്‍ ഒബിസി സംവരണം ഏര്‍പ്പെടുത്തുന്നതോടെ മാത്രമേ രാജ്യത്തെ വലിയ ശതമാനം വരുന്ന സ്ത്രീകള്‍ക്ക് ഈ ബില്ലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!