Section

malabari-logo-mobile

ലോക്‌സഭാ തിരഞ്ഞെടുപ്പ്;ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന്;കേരളത്തില്‍ ഏപ്രില്‍ 26 ന്

HIGHLIGHTS : Lok Sabha Elections: Voting in Kerala on April 26

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക.

ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. 11 സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 26നാണ്. മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിനും നാലാംഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും അവസാനഘട്ടം ജൂണ്‍ ഒന്നിനുമാണ്. 2024 ജൂണ്‍ 16 വരെയാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി. ആകെയുള്ള 543 ലോക്‌സഭാ സീറ്റില്‍ 412 ജനറല്‍ സീറ്റുകളും 84 പട്ടികജാതി സംവരണ സീറ്റുകളും 47 പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളുമാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും.

sameeksha-malabarinews

കേരളത്തില്‍ പത്രികാ സമര്‍പ്പണം മാര്‍ച്ച് 28ന് തുടങ്ങി ഏപ്രില്‍ നാലിന് അവസാനിക്കും. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിനാണ്. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടിനാണ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

രാജ്യത്തെ 97 കോടി വോട്ടര്‍മാരാണ് ഏഴുഘട്ടത്തിലായി നടക്കുന്ന വോട്ടെടുപ്പില്‍ പങ്കാളികളാവുക. പത്തരലക്ഷം പോളിങ്ങ്ബൂത്തുകളാണ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കുക. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങ് സൗകര്യം ഏര്‍പ്പെടുത്തും. കരാര്‍ ജീവനക്കാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിക്കും. പോളിങ്ങ് ബൂത്തുകളില്‍ കേന്ദ്ര സേനയെ ഉള്‍പ്പെടെ സുരക്ഷയ്ക്കായി നിയോഗിക്കും. ബൂത്തുകളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പില്‍ മണിപവറും മസില്‍ പവറും അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിന് പകരം മദ്യവും പണവും നല്‍കുന്നത് തടയുമെന്നും ഓണ്‍ലൈന്‍ പണമിടപാട് നിരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിമര്‍ശനമാകാം പക്ഷെ വ്യാജവാര്‍ത്തകള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തതവരുത്തി. സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

പോളിങ്ങ്ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് പ്രാഥമിക സൗകര്യം ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്ക് പ്രത്യേകപരിഗണന നല്‍കും. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ബൂത്തുകളില്‍ വീല്‍ച്ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തും. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാം. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാം. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വിധത്തില്‍ മൊബൈല്‍ ആപ്പും ഒരുക്കിയിട്ടുണ്ട്. വോട്ടര്‍ ഐഡി വിവരങ്ങളും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി സ്ത്രീ വോട്ടര്‍മാരുമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ പങ്കാളികളാവുക. 1.82 കോടി കന്നി വോട്ടര്‍മാരും ഇത്തവണ വോട്ടു ചെയ്യാനെത്തും. 19.74 കോടി യുവവോട്ടര്‍മാരും നൂറ് വയസ്സുള്ള 2.18 ലക്ഷം വോട്ടര്‍മാരും 85 വയസ്സുള്ള 82 ലക്ഷം വോട്ടര്‍മാരും 48000 ട്രാന്‍സ്ജന്‍ഡേഴ്‌സ് വോട്ടര്‍മാരും 88.4 ലക്ഷം ഭിന്നശേഷി വോട്ടര്‍മാരും 19.1 ലക്ഷം സര്‍വ്വീസ് വോട്ടര്‍മാരും 13.4 ലക്ഷം മുന്‍കൂര്‍ അപേക്ഷകരുമാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായുള്ള വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാരോടും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.

അരുണാചല്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, ചണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടമായും, ഛത്തീസ്ഗഡിലും അസമിലും മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞടുപ്പ് നടക്കും. ഒഡീഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ നാല് ഘട്ടങ്ങളിലായി വിധിയെഴുതും. മഹാരാഷ്ട്രയില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!