മലപ്പുറം ജില്ലയിലെ ജലയാത്രകള്‍ സുരക്ഷിതമാക്കാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. സുരക്ഷിതമല്ലാത്ത യാത്രായാനങ്ങളും അശ്രദ്ധയും മൂലവുമാണ് ബോട്ട് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നതെന്നും മനുഷ്യനിര്‍മിതമായ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. ബോട്ട് അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്താനുമായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടും ബോട്ട് സുരക്ഷാ പരിശോധനക്കായി കമ്മിറ്റി രൂപീകരിച്ചുകൊണ്ടും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല ഉപദേശക സമിതിയില്‍ ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഫയര്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ സുരക്ഷിത ജലയാത്രയ്ക്കായി ആറംഗ ബോട്ട് സുരക്ഷാ പ്രാദേശിക പരിശോധനാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. തഹസിര്‍ദാര്‍/ഡെപ്യൂട്ടി തഹസില്‍ദാര്‍ (ദുരന്തനിവാരണ വിഭാഗം), സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്.ഒ, അഗ്‌നി രക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍, പൊന്നാനി/പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ചുമതലപ്പെടുത്തുന്ന വ്യക്തി, ഡി.ടി.പി.സി സെക്രട്ടറി നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിവരാണ് പ്രാദേശിക സുരക്ഷാ പരിശോധനാ കമ്മിറ്റിയിലെ അംഗങ്ങള്‍.
ബോട്ട് ഉടമസ്ഥന്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
1. രജിസ്ട്രേഷന്‍-വാര്‍ഷിക സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ള ബോട്ടുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇവയുടെ കാലാവധി അവസാനിച്ചാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
2. സര്‍വ്വേ-രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ബോട്ടില്‍ പ്രദര്‍ശിപ്പിക്കണം
3. സര്‍വ്വേ സര്‍ട്ടിഫിക്കറ്റിലുള്ള മുഴുവന്‍ അഗ്നിശമന ഉപകരണങ്ങളും ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം
4. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ബോട്ടുകള്‍ സൂര്യാസ്തമയത്തിനു ശേഷം പ്രവര്‍ത്തിപ്പിക്കരുത്.
5. പേഴ്സണല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കരുത്.
6. കാലാവസ്ഥ പ്രതികൂലമായാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കരുത്.
7. യാത്രക്കാര്‍ക്ക് സുരക്ഷാസംബന്ധമായ ബോധവത്കരണം നടത്തണം.
8. എല്ലാ യാത്രക്കാര്‍ക്കും ലൈഫ് ജാക്കറ്റ് നല്‍കുകയും അവ ധരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം
9. അപ്പര്‍ ഡെക്ക് അനുമതി ലഭിച്ച ബോട്ടുകളില്‍ മുകളിലത്തെ നിലയില്‍ അനുവദിനീയമായ യാത്രക്കാരെ മാത്രമേ കയറ്റുവാന്‍ അനുവദിക്കാവൂ. ബോട്ടില്‍ കൂടുതല്‍ ആള്‍ക്കാരെ കയറ്റരുത്.
10. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ബോട്ടില്‍ സൂക്ഷിക്കണം. ഇവ പ്രവര്‍ത്തനക്ഷമതയുള്ളതും കാലാവധി തീരാത്തതുമാണെന്ന് ഉറപ്പാക്കണം
11. ബോട്ടിന് രൂപമാറ്റം വരുത്താന്‍ പാടില്ല.
12. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
13. ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണം.
14. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന ചിത്രങ്ങളോടുകൂടിയ ബോര്‍ഡുകള്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കണം.
15. എമര്‍ജന്‍സി സര്‍വീസുകളുടെ നമ്പറുകള്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
1. ബോട്ടില്‍ രജിസ്ട്രേഷന്‍-സര്‍വ്വേ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം
2. ജീവനക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
3. യാത്രക്കാര്‍ക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളില്‍ മാത്രം പ്രവേശിക്കുക.
4. അപ്പര്‍ ഡെക്കറുള്ള ബോട്ടുകളില്‍ ബോട്ടിലെ ജീവനക്കാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമേ അപ്പര്‍ ഡെക്കില്‍ പ്രവേശിക്കാവൂ.
5. അപകട സാധ്യത ഉണ്ടെന്ന് മനസ്സിലാക്കുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാവുകയും ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങുകയോ ചെയ്യാതെ ബോട്ടിലെ ജീവനക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
6. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കുകയും ലൈഫ് ജാക്കറ്റ് ധരിക്കുകയും ചെയ്യുക.
7. അഗ്‌നി ബാധയുണ്ടാകാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക, പുകവലി ഒഴിവാക്കുക.
8. ബോട്ടിലെ അനുവദനീയമായ യാത്രക്കാരുടെ എണ്ണം പരിശോധിച്ചു ഉറപ്പുവരുത്തണം.
9. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാര്‍ ബോട്ടിലുണ്ടെങ്കില്‍ ജീവനക്കാരുടെയോ മറ്റു യാത്രക്കാരുടെയോ ശ്രദ്ധയില്‍പ്പെടുത്തണം.
10. യാത്രക്കാര്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണം.
11. അപകടം ഉണ്ടാകുന്ന സ്ഫോടക വസ്തുക്കള്‍ കൈവശം വയ്ക്കരുത്.
12. സൂര്യാസ്തമയത്തിനു ശേഷം ഏതെങ്കിലും ബോട്ട് പ്രവര്‍ത്തിക്കുന്നത് കണ്ടാല്‍ അതില്‍ യാത്ര നടത്തരുത്, വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.
13. തിരക്കുള്ള സമയങ്ങളില്‍ ക്യൂ പാലിച്ചും ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും യാത്ര ചെയ്യണം.
ബോട്ടിലെ മാസ്റ്റര്‍/സ്രാങ്ക് പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
1. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ രജിസ്ട്രേഷന്‍, സര്‍വ്വേ, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാര്‍ഷിക സര്‍വ്വേ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാന്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
3. സര്‍വ്വേ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ബോട്ടില്‍ പ്രദര്‍ശിപ്പിക്കണം.
4. സര്‍വ്വേ സര്‍ട്ടിഫിക്കറ്റില്‍ പ്രതിപാദിച്ചിരിക്കുന്ന മുഴുവന്‍ അഗ്നിശമന ഉപകരണങ്ങളും ബോട്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അവയുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം.
5. സൂര്യാസ്തമയത്തിനുശേഷം ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
6. ബോട്ട് സര്‍വ്വീസ് സമയങ്ങളില്‍ ബോട്ടിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും ലഹരി പദാര്‍ത്ഥങ്ങളോ, പുകയില ഉത്പന്നങ്ങളോ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
7. പേഴ്സണല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചാല്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കരുത്.
8. സര്‍വീസ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ട വിധം യാത്രക്കാര്‍ക്ക് വിശദീകരിക്കേണ്ടതാണ്.
9. കാലാവസ്ഥ പ്രതികൂലമാകുന്ന സാഹചര്യത്തില്‍ ബോട്ട് പ്രവര്‍ത്തിപ്പിക്കരുത്.
10. യാത്രികര്‍ക്ക് സുരക്ഷാ സംബന്ധമായ ബോധവത്കരണം നടത്തേണ്ടതാണ്.
11. സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സര്‍വ്വെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മിനിമം ജീവനക്കാര്‍ ബോട്ടിലുണ്ടെന്ന് ഉറപ്പാക്കണം.
12. യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.
13. കൃത്യമായ ഇടവേളകളില്‍ ബോട്ടിന്റെ ഫിറ്റ്നസ് പരിശോധനകള്‍ നടത്തണം.
14. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റരുത്.
15. സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പ് നാവിഗേഷന്‍ ഉപകരണങ്ങള്‍, കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തണം.
16. എന്തെങ്കിലും അപകട സൂചന ലഭിക്കുകയോ അപകടം ഉണ്ടാവുകയോ ചെയ്താല്‍ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം.
17. എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റ് ധരിച്ചുവെന്ന് ഉറപ്പാക്കണം.
18. യാത്രക്കാരുടെ വിവരങ്ങള്‍ ബോട്ട് ജെട്ടിയിലും ബോട്ടിലും സൂക്ഷിക്കണം.
19. ടിക്കറ്റുകളില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
20. ബോട്ടില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഉപകരണങ്ങളുടെ ലിസ്റ്റ് യാത്രക്കാര്‍ക്ക് കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.
സുരക്ഷാ മാനദണ്ഡങ്ങള്‍
1. ലൈഫ് ബോയ്
ഓരോ അഞ്ചു യാത്രക്കാര്‍ക്കും ഒരു ലൈഫ് ബോയ് എന്ന രീതിയില്‍ ബോട്ടുകളില്‍ ലൈഫ് ബോയ് ഉണ്ടായിരിക്കേണ്ടതാണ്.
2. ലൈഫ് ജാക്കറ്റ്
ബോട്ടില്‍ അനുവദനീയമായ യാത്രകാര്‍ക്ക് ആനുപാതികമായി ലൈഫ് ജാക്കറ്റ്ഉണ്ടായിരിക്കേണ്ടതാണ്. സുരക്ഷിതമായ ബോട്ട് യാത്രയ്ക്കായി യാത്ര ആരംഭിക്കുന്നതിനു മുന്നോടിയായി എല്ലാ യാത്രക്കാര്‍ക്കും ജാക്കറ്റ് നല്‍കേണ്ടതാണ്. എല്ലാ ജീവന്‍ രക്ഷാഉപകരണങ്ങളും കാലാവധി ഉള്ളവയാണെന്ന് ഉറപ്പാക്കണം
3. ഫസ്റ്റ് എയ്ഡ് ബോക്സ്
എല്ലാം ബോട്ടുകളിലും ഫസ്റ്റ് എയ്ഡ് ബോക്സുകള്‍ സൂക്ഷിക്കേണ്ടതും അത്യാവശ്യ സമയത്ത് അവ ഉപയോഗിക്കേണ്ടതുമാണ്.
4. ഫയര്‍ സുരക്ഷ
ഉള്‍നാടന്‍ ജലഗതാഗതത്തിനായി ഉപയോഗിക്കുന്ന എല്ലാ ബോട്ടുകളിലും ഒരു വിവിധ ഉദ്ദേശ ഫയര്‍ എസ്റ്റിങ്ഗുഷര്‍ എങ്കിലും ഉണ്ടാവേണ്ടതാണ്.
5. ആശയവിനിമയ സംവിധാനങ്ങള്‍
അടിയന്തര സാഹചര്യത്തെ നേരിടുന്നതിനായി എല്ലാ ബോട്ട് ഓപ്പറേറ്റരുമാരുടെയും കൈവശവും അടിയന്തര ആശയവിനിമയ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്. മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് ലഭ്യമാകാത്ത സ്ഥലങ്ങളിലെ ബോട്ട് യാത്രകള്‍ക്ക് നിര്‍ബന്ധമായും വി.എച്ച്.എഫ് ഉപകരണം ബോട്ട് ഓപ്പറേറ്റര്‍മാര്‍ കരുതേണ്ടതാണ്. അപകട സമയത്ത് ബന്ധപ്പെടേണ്ട ഓഫീസര്‍മാരുടെയും മറ്റ് നമ്പറുകള്‍ ബോട്ടില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.
6. ആങ്കറിങ്, മോറിങ്
ശക്തമായ കാറ്റിലും ഒഴുക്കിലും ബോട്ടിനെ പിടിച്ചു കെട്ടുന്ന ആങ്കര്‍ സംവിധാനങ്ങള്‍, കേബിള്‍, റോപ്പുകള്‍ എന്നിവ ബോട്ടില്‍ കരുതണം.
പൊതുവായ നിര്‍ദ്ദേശങ്ങള്‍
1. ആഘോഷ ദിനങ്ങളിലും, അവധി ദിവസങ്ങളിലും, തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലും ബന്ധപ്പെട്ട സ്ഥലത്ത് ഒരു പോലീസുകാരെനെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സ്ഥലം എസ്.എച്ച്.ഒക്ക് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
2. ബോട്ട് പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാര്‍ക്കും, ബോട്ട് ഉടമകള്‍ക്കും വര്‍ഷത്തിലൊരിക്കലെങ്കിലും ആവ്യമായ പരിശീലന/ബോധവത്കരണ ക്ലാസുകള്‍ നല്‍കുന്നതിനുള്ള നടപടി ജില്ലാ ഫയര്‍ ഓഫീസര്‍ സ്വീകരിക്കേണ്ടതാണ്.
3. തിരക്കേറിയ സീസണുകളില്‍ കോസ്റ്റല്‍ പോലീസിന്റെ പട്രോളിങ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




