ലൈഫ് മിഷന്‍: 2.5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം :സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 2.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും .തദ്ദേശ സ്ഥാപന തല സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍, എ.കെ ബാലന്‍, എം.എം മണി, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ, ഡോ. ടി.എം തോമസ് ഐസക്, ശശി തരൂര്‍ എം പി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ: വിശ്വാസ് മേത്ത തുടങ്ങിയവര്‍ ഓണ്‍ലൈനായി പങ്കെടുക്കും.

പൊതു പരിപാടിക്ക് മുന്‍പ് രാവിലെ 9.30 ന് ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ച തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണത്തുള്ള കെ പ്രഭ എന്ന വീട്ടമ്മയുടെ ഗൃഹപ്രവേശന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും.
ലൈഫ് മിഷന്‍ വീടുകളുടെ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് അതു വീക്ഷിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക കൂടിച്ചേരലുകള്‍ നടക്കും.

ഫെബ്രുവരി ഒന്നു മുതല്‍ 18 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികളും സ്വീകരിക്കാനുള്ള അവസരവും തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top