ആലപ്പുഴ : അരനൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് നല്‍കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക.ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.
344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേല്‍പ്പാലത്തിനായി 7 കോടി റെയില്‍വേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. 1972 ലാണ് ആലപ്പുഴ ബൈപാസിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പല തവണ നിര്‍മാണം തുടങ്ങുകയും മുടങ്ങുകയും ചെയ്തു.
കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്.ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം.ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യമാസ്വദിച്ച് ഇനി യാത്ര ചെയ്യാം.




