HIGHLIGHTS : KSRTC TDF strike begins
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് 24 മണിക്കൂര്‍ സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.
12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നുള്ളതാണ് പ്രധാന സമരാവശ്യം. ഡിഎ കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങള്‍.
അതേസമയം ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂര്‍ രവി, വര്‍ക്കിങ് പ്രസിഡന്റ് എം വിന്‍സന്റ് എംഎല്‍എ, ജനറല്‍ സെക്രട്ടറി വിഎസ് ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.
സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ അവധി അനുവദിക്കരുതെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു. കന്റീനുകള്‍ പ്രവര്‍ത്തിക്കണം. വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു