കോഴിക്കോട് ഹോട്ടലിലെ കവര്‍ച്ച ; പ്രതി പിടിയില്‍

കോഴിക്കോട്: ശ്രീ ലക്ഷ്മി ഹോട്ടലില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. രണ്ടു ലക്ഷത്തോളം രൂപ കവര്‍ന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ഭാഗ്യരാജ് (41 ) ആണ് പിടിയിലായത്. ഡപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐ പി എസിന്റെ കീഴിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസും സംഘവുമാണ് തമിഴ്‌നാട്ടിലെ തിരുവാരൂറിലെ മണ്ണാര്‍ ഗുടിയിലെ ഉള്‍ഗ്രാമത്തില്‍ നിന്നും പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ മാസം 27ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശ്രീലക്ഷ്മി ഹോട്ടലില്‍ മാസങ്ങള്‍ക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവര്‍ച്ച നടത്താന്‍ തിരഞ്ഞെടുക്കുകയും ചെയ്തു.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതി പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിക്കുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

തമിഴ്‌നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വര്‍ഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്. എന്നാല്‍ കളവ് ചെയ്തതിന് ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. തമിഴ്‌നാട് പോലീസ് പോലും കടന്ന് ചെല്ലാന്‍ മടിക്കുന്ന ഗ്രാമമായതിനാല്‍ സുരക്ഷിതനാണെന്ന് കരുതിയ പ്രതിയെ സാഹസികമായാണ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പിടികൂടിയത്. അതിനു ശേഷമാണ് അവിടുത്തെ പോലീസ് പോലും അറിഞ്ഞത്. പ്രതിയെ പിടി കൂടിയശേഷം ആളുകള്‍ കൂടാന്‍ സാധ്യത ഉള്ളതിനാല്‍ വളരെ വേഗം തന്നെ പ്രതിയുമായി അന്വേഷണ സംഘം തിരിക്കുകയായിരുന്നു.

തന്റെ വാക്ചാതുര്യത്തിലൂടെ ജീവനക്കാരെ കയ്യിലെടുക്കുന്ന ഇയാള്‍ തട്ട് ദോശ ഉണ്ടാക്കുന്നതില്‍ പ്രഗല്‍ഭനായിരുന്നു. അതു കൊണ്ട് തന്നെ ഹോട്ടലുകളില്‍ ഇയാള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ജോലിയും ലഭിച്ചിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റ്ന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ അറിയിച്ചു.

സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ് കൂടാതെ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അര്‍ജുന്‍, രാകേഷ് ചൈതന്യം, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റസല്‍രാജ്,രതീഷ് ഗോപാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഫൈസല്‍ എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.

മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ മോഷണം കൂടാന്‍ സാധ്യതയുണ്ടെന്നും, വിലപ്പെട്ട വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നവരും വീടുവിട്ട് പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top