Section

malabari-logo-mobile

ഭിന്നശേഷിക്കാര്‍ക്കു സുഗമസഞ്ചാരം ഉറപ്പുവരുത്തി ബാരിയര്‍ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

HIGHLIGHTS : Kerala will be made a barrier free state by ensuring smooth movement for differently abled: CM

ഭിന്നശേഷിക്കാര്‍ക്കു തടസങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാന്‍ കഴിയുന്ന സാഹചര്യമൊരുക്കി ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തില്‍ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ആക്കുളത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെ (നിഷ്) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നവീന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തില്‍ നിഷ് നല്‍കിയ സംഭാവന വലുതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയെന്നതാണു സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാട്. ഇതു മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതും ഭിന്നശേഷിക്കാര്‍ക്കുകൂടി പ്രാപ്യമാകുന്ന വിധത്തിലുമാണു വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പൊതുഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കിയാലേ ബാരിയര്‍ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാകൂ. 600 ഓളം കോടി രൂപയുടെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതും ഇതിന്റെ ഭാഗമായാണ്.

sameeksha-malabarinews

മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നതിനു ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്നതിനായി മികച്ച ചികിത്സ ലഭ്യമാക്കുന്നതിനു നിരവധി പദ്ധതികളാണു കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നടപ്പാക്കിവരുന്നത്. ഭിന്നശേഷി സഹായത്തിനുള്ള ആധുനിക ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന ഷോറൂം ശൃംഘലകള്‍ക്കു തുടക്കമിട്ടു. തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ എന്ന ഐക്യവാക്യം ഉയര്‍ത്തി എല്ലാ ബ്ലോക്കുകളിലും സഹജീവനം എന്ന പേരില്‍ ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സമഗ്ര ഭിന്നശേഷി പരിപാലന പരിപാടിയായ അനുയാത്രയ്ക്ക് 21.5 കോടി രൂപ അനുവദിച്ചു. നിപ്മറിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിച്ചു.

നിഷിലെ ഉന്നത വിദ്യാഭ്യാസ ഫൗണ്ടേഷന്‍ പ്രോഗ്രാം, ന്യൂറോ ഡെവലപ്മെന്റ് സയന്‍സ് പ്രോഗ്രാം തുടങ്ങിയവയ്ക്കായി 18.93 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വികലാംഗ ക്ഷേമ കോര്‍പ്പറേഷനു 13 കോടി രൂപയും വിദ്യാലയ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കാന്‍ 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സംരംഭകത്വ മേഖലകളിലേക്കു ഭിന്നശേഷിക്കാരെ കൊണ്ടുവരുന്നതിനായി നാനോ സംരംഭങ്ങളില്‍ അവര്‍ക്കു മുന്‍ഗണന നല്‍കുന്നതിനായി 2.25 കോടി രൂപ മാര്‍ജിന്‍ മണി ഗ്രാന്റായും ഒരു കോടി രൂപ പലിശ സഹായമായും അനവദിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്സ് സ്‌കൂളുകള്‍ വേണമെന്നു സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കേള്‍വിക്കുറവുള്ളവരെ പരിചരിക്കുന്നതിനു പ്രത്യേക പരിശീലനം ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചു പൊതുസമൂഹത്തിന്റെ ഭാഗമാക്കണം. ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഏറ്റവും നൂതനമായ സാഹചര്യം സൃഷ്ടിക്കുകയെന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ സാധാരണക്കാര്‍ അനുഭവിച്ചതിനേക്കാള്‍ വലിയ പ്രശ്നങ്ങളാണു ഭിന്നശേഷിക്കാര്‍ നേരിട്ടത്. കോവിഡാനന്തര ലോകത്ത് അവര്‍ക്കു പ്രത്യേക പരിഗണന ലഭിക്കണം. അത് ഉറപ്പുവരുത്താന്‍ തക്കവിധം നിഷിനെ നവീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. ഭിന്നശേഷിക്കാര്‍ക്ക് അസിസ്റ്റീവ് ടെക്നോളജി ഉപകരണങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും സഹായ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രാപ്തരാക്കാനുമുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ അസിസ്റ്റീവ് ഹെല്‍ത്ത് ടെക്നോളജി പ്രവര്‍ത്തനസജ്ജമാക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിന്റെ സേവനം ലഭ്യമാക്കും. ശ്രവണപരിമിതിയുള്ള കുട്ടികള്‍ക്കായി മാതൃകാ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ സേവനം സംസ്ഥാനമാകെ വ്യാപിപ്പിക്കും. ബധിരര്‍ക്കും ശ്രവണവൈകല്യമുള്ളവര്‍ക്കുമായി കേരളത്തിലെ ആദ്യ ദ്വിഭാഷാ സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കും.

നവകേരള സൃഷ്ടിയുടെ ഫലം ഭിന്നശേഷിക്കാര്‍ക്കടക്കം സമസ്ത ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക എന്ന ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സാമൂഹിക ജീവിതത്തിലും വൈജ്ഞാനിക സമ്പദ് ഘടനയിലും കാര്യക്ഷമായ സംഭാവന നല്‍കാന്‍ ഉതകുംവിധം അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിഷിനെ അന്തര്‍ദേശീയ നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. നിഷിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ കമ്യൂണിക്കേഷന്‍ സയന്‍സസ്, ബാരിയര്‍ ഫ്രീ എന്‍വയോണ്‍മെന്റ്, സഫല്‍ സെന്‍സോറിയം, ഭിന്നശേഷി ശാസ്ത്ര ഗവേഷണ സെല്‍ എന്നിവയുടെ ഉദ്ഘാടനം, ആക്‌സസിബിള്‍ ബുക്കിന്റെ പ്രകാശനം എന്നിവ മുഖ്യമന്ത്രി നിര്‍വഹിച്ചു. ഐഇഎസ് നേടിയ നിഷ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിലെ പൂര്‍വ വിദ്യാര്‍ഥികളായ ലക്ഷ്മി, പാര്‍വ്വതി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

നിഷ് ക്യാംപസിലെ മാരിഗോള്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യ രാജേന്ദ്രന്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!