‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍

താരസംഘടനയായ ‘അമ്മ’ അച്ചടക്ക സമിതിക്ക് മുന്‍പാകെ ഹാജരാകാനാകില്ലെന്ന് നടന്‍ ഷമ്മി തിലകന്‍. ഷൂട്ടിങ് തിരക്കുള്ളതിനാല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് ഷമ്മി തിലകന്‍ സമിതിക്ക് കത്ത് നല്‍കി. അമ്മ എക്സിക്യുട്ടീവ് യോഗത്തിലെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനാണ് അമ്മ നേതൃത്വം ഷമ്മി തിലകനോട് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടത്.

നേരത്തെ ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ മെയ് 17 ന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടു എന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പ് ഇറക്കി.

മീറ്റിങ് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷമ്മി തിലകനെതിരെ നടപടി ആവശ്യപ്പെട്ട് ‘അമ്മ’യിലെ അംഗങ്ങള്‍ രംഗത്തുവന്നിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് തന്റെ പേര് പരാമര്‍ശിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു.

മീടൂ ആരോപണം നേരിട്ട വിജയ് ബാബുവിനെതിരായി നടപടിയുമായി ബന്ധപ്പെട്ട, ‘അമ്മ’യുടെ പത്രക്കുറിപ്പിലാണ് തന്റെ പേരും പരാമര്‍ശിച്ചതെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ഇതുമൂലം പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനും തനിക്ക് അവമതിപ്പുണ്ടാക്കാനുമാണ് ശ്രമം നടന്നതെന്നും
സമൂഹത്തിന്റെ മുമ്പില്‍ തന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണെന്നും ഷമ്മി തിലകന്‍ ആരോപിച്ചു.

 

 

Share news
error: Content is protected !!
Scroll to Top