കാസര്‍ഗോഡ്:ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പാസ് വിതരണം നിര്‍ത്തിവെച്ചു. ഇതുവരെ കേരളത്തിലെത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും ഇനി പാസ് വിതരണം തുടരുക. കേരള അതിര്‍ത്തി കടക്കാനുള്ള പാസ് നല്‍കുന്നതാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
പാസ് ലഭിച്ചെത്തുന്നവരില്‍ റെഡ് സോണില്‍ നിന്ന് എത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യും. റെഡ് സോണില്‍ നിന്ന് എത്തുന്നവര്‍ ഏത് ജില്ലക്കാരാണോ അവിടെയായിരിക്കും ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റീനില്‍ കഴിയേണ്ട സ്ഥലത്തിന്റെ വിവരങ്ങള്‍ അതിര്‍ത്തിയിലെത്തുമ്പോള്‍ നല്‍കണം. സ്വന്തം വാഹനത്തില്‍ അവര്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങിലേക്ക് പോകാം. യാത്രയ്ക്ക് സര്‍ക്കാര്‍ വാഹനം നല്‍കുന്ന കാര്യം കലക്ടര്‍ക്ക് തീരുമാനിക്കാം. റെഡ്‌സോണില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം എന്നാണ് ഉത്തരവ്. ക്വാറന്റീനില്‍ പോകാത്തവര്‍ നിയമ നടപടി നേരിടേണ്ടിവരും.
വരുന്നവരുടെ യാത്രാ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും അറിയിക്കണം. വിവരങ്ങള്‍ ഇ-ജാഗ്രത സൈറ്റില്‍ ഉള്‍പ്പെടുത്തണം.




