HIGHLIGHTS : Kerala Awards 2023 Announced; Kerala Jyoti Award to T. Padmanabhan
വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2023ലെ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ കേരള ജ്യോതി പുരസ്‌കാരം സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ടി. പത്മനാഭനു ലഭിച്ചു.
സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജസ്റ്റിസ് (റിട്ട.) എം. ഫാത്തിമ ബീവി, കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നടരാജ കൃഷ്ണമൂര്‍ത്തി (സൂര്യ കൃഷ്ണമൂര്‍ത്തി) എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായി.


സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്കു പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കു ഡോ. വി.പി. ഗംഗാധരന്‍, വ്യവസായ-വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ.എം. ചന്ദ്രശേഖര്‍, കല (സംഗീതം) മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ജ്യോതി’ വര്‍ഷത്തില്‍ ഒരാള്‍ക്കും, രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള പ്രഭ’ വര്‍ഷത്തില്‍ രണ്ടുപേര്‍ക്കും, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ ‘കേരള ശ്രീ’ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്കും എന്ന ക്രമത്തില്‍ നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഓരോ വിഭാഗത്തിലും കൂടുതലായി പുരസ്‌കാരങ്ങള്‍ അനുവദിക്കണമെങ്കില്‍ തന്നെ ആകെ പുരസ്‌കാരങ്ങളുടെ എണ്ണം ഒരു വര്‍ഷത്തില്‍ പത്തില്‍ അധികരിക്കാന്‍ പാടില്ലയെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍ (ഐ.എ.എസ് റിട്ട.), ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ അവാര്‍ഡ് സമിതി ദ്വിതീയ പരിശോധന സമിതി സര്‍പ്പിച്ച പട്ടിക പരിശോധിച്ചും, സെര്‍ച്ച് കമ്മിറ്റി എന്ന നിലയില്‍ സമിതിയില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചും 2023ലെ കേരള പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദേശം ചെയ്തതു സര്‍ക്കാര്‍ അംഗീകരിച്ചാണു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു