Section

malabari-logo-mobile

ഡോ. ലീല ഓംചേരി അന്തരിച്ചു

HIGHLIGHTS : Dr. Leela Omchery passed away

തിരുവനന്തപുരം: പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞയും കലാഗവേഷകയും എഴുത്തുകാരിയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ഡോ. ലീല ഓംചേരി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലിയിലായിരുന്നു അന്ത്യം. അശോക് വിഹാറിലെ വസതിയില്‍ കുറച്ച് നാളായി വിശ്രമത്തിലായിരുന്ന ലീല ഓംചേരിയുടെ ആരോഗ്യനില വൈകുന്നേരത്തോടെ വഷളാകുകയായിരുന്നു. സെന്റ് സ്റ്റിഫന്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയാണ് ഭര്‍ത്താവ്. പ്രമുഖ നര്‍ത്തകി ദീപ്തി ഓംചേരി ഭല്ല(ഡല്‍ഹി സര്‍വകലാശാല സംഗീത വിഭാഗം റിട്ട. പ്രൊഫസര്‍), എസ് ഡി ഓംചേരി എന്നിവര്‍ മക്കളാണ്. അന്തരിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ് ലീല ഓംചേരി.

തിരുവതാംകൂറിലെ തിരുവട്ടാറില്‍ നിന്ന് സംഗീത പാരമ്പര്യവുമായി ദില്ലിയിലെത്തി കേരളീയകലകളുടെ കാവലാളായി മാറിയ പ്രതിഭയായിരുന്നു ലീല ഓംചേരി. 2009ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ച ലീല ഓംചേരി കേരളീയ കലകളെ കുറിച്ചുള്ള നിരവധി പുസ്തകങ്ങളുടെയും രചയിതാവാണ്. ദില്ലിയിലെ കലാസാഹിത്യ രംഗത്ത് അവസാന കാലം വരെയും ലീല ഓംചേരി സജീവമായിരുന്നു.

ദില്ലിയിലെ ഒരു സാംസ്‌കാരിക മേല്‍വിലാസമാണ് അശോക് വിഹാറിലെ ഓംചേരിയുടെ വസതി. എപ്പോഴും കേരളീയ കലകളും സംഗീതവും നിറഞ്ഞ് നില്‍ക്കുന്ന അന്തരീക്ഷം. അവസാനകാലം വരെ മലയാളമെന്ന മഹാപാരമ്പര്യത്തിന്റെ ദേശീയ തലത്തിലെ അംബാസിഡറായി അവസാന കാലം വരെ ലീല ഓംചേരി സജീവമായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള എല്ലാ രാഷ്ട്ര നേതാക്കള്‍ക്ക് മുന്നിലും കേരളീയ കലകള്‍ക്ക് പ്രോത്സാഹനം തേടി ലീല ഓംചേരി നിരന്തരമെത്തി.

കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി 1929 മേയ് 31- നാണ് ജനനം. തിരുവട്ടാറിലെ മാങ്കോയിക്കല്‍ വീട്ടില്‍ സഹോദരന്‍ കമുകറ പുരുഷോത്തമനൊപ്പം തുടങ്ങിയ സംഗീത ജീവിതം നാടകകൃത്ത് ഓംചേരി എന്‍എന്‍ പിള്ളയെ വിവാഹം ചെയ്തതോടെ കൂടുതല്‍ സജീവമായി. രാജ്യതലസ്ഥാനത്തെത്തിയ ലീല ഓംചേരി ദില്ലി സര്‍വകലാശാല അധ്യാപികയായി. സംഗീതത്തില്‍ ഡോക്ടറ്റ് നേടി.കര്‍ണ്ണാടക സംഗീത വിഭാഗം മേധാവിയായാണ് വിരമിച്ചത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് കേരളീയ കലാപാരമ്പര്യം പകര്‍ന്ന് നല്‍കിയത്.

ഓംചേരിയുമൊത്ത് ദില്ലിയിലെ പല കാലാസാംസ്‌കാരിക സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിനും ലീല ഓംചേരി പ്രധാന പങ്ക് വഹിച്ചു. പദ്മ്ശ്രീക്കൊപ്പം കേന്ദ്ര കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകളടക്കം നിരവധി പുരസ്താരങ്ങള്‍ ലീല ഓംചേരിയെ തേടിയെത്തി.

കേരളത്തിന്റെ പരമ്പരാഗത സംഗീതത്തിന് രാജ്യത്തിനുപുറത്ത് അംഗീകാരം നേടിക്കൊടുക്കാന്‍ ലീലാ ഓംചേരിയുടെ പ്രയത്‌നങ്ങള്‍ സഹായിച്ചു. സോപാന സംഗീതത്തിനു പുറമെ തേവാരം പാട്ടുകള്‍, കൃഷ്ണനാട്ടം, കഥകളി സംഗീതവും ലീല ഓംചേരിയുടെ പഠനവിഷയങ്ങളായി. ഓണപ്പാട്ടുകളെയും മറ്റു ജനകീയ ഗാനങ്ങളെയും കുറിച്ചും ഗവേഷണം നടത്തി. ‘അഭിനവ സംഗീതം’, ‘പദവും പാദവും’, ‘കേരളത്തിലെ ലാസ്യരചനകള്‍’ തുടങ്ങി അനേകം പുസ്തകങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്. കേരളത്തിലെ ലാസ്യരചനകള്‍, ദ ഇമ്മോര്‍ട്ടല്‍സ് ഓഫ് ഇന്ത്യന്‍ മ്യൂസിക്, ഗ്ലീനിങ്‌സ് ഓഫ് ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്ട്, സ്റ്റഡീസ് ഇന്‍ ഇന്ത്യന്‍ മ്യൂസിക് ആന്‍ഡ് അലൈഡ് ആര്‍ട്ട്‌സ്(അഞ്ച് ഭാഗം), ലീലാഞ്ജലി (ചെറുകഥാസമാഹാരം) തുടങ്ങിയവയാണ് പ്രധാനകൃതികള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!