Section

malabari-logo-mobile

തുറമുഖ ചരക്ക് നീക്കത്തിന് കേരളവും തമിഴ്‌നാടും സഹകരിക്കും; തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തമിഴ്‌നാട് മന്ത്രി ഇ.വി. വേലുവുമായി കൂടിക്കാഴ്ച നടത്തി

HIGHLIGHTS : Kerala and Tamil Nadu to co-operate in port cargo movement; Ports Minister Ahmed Devarkovil and Tamil Nadu Minister E.V. Meet with Velu

തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുനീക്കത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ സഹകരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് തമിഴ്‌നാട് തുറമുഖ മന്ത്രി ഇ. വി വേലുവുമായി അദ്ദേഹം ചെന്നൈയില്‍ കൂടിക്കാഴ്ച നടത്തി. കേരളം ചെറുകിട തുറമുഖങ്ങളെ വികസിപ്പിക്കുന്നതിനും ചരക്ക് ഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരികയാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ ചരക്കുഗതാഗതം ഊര്‍ജിതപ്പെടുത്താനും തദ്ദേശ ജലപാതകള്‍ വഴിയുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ഇരു സംസ്ഥാനങ്ങളും ധാരണയില്‍ എത്തി.

തമിഴ്‌നാടും കേരളവുമായി ഏറ്റവും അടുപ്പമുള്ള മാലിദ്വീപ് ഏകദേശം 300 കോടി രൂപയുടെ ഇറക്കുമതി പ്രതിവര്‍ഷം നടത്തുന്നുണ്ട്. ഇതില്‍ 10 ശതമാനത്തില്‍ താഴെയാണ് ഇന്ത്യയുടെ പങ്ക്. ഇപ്പോള്‍ തൂത്തുക്കുടി, കൊച്ചി പോര്‍ട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഷിപ്പിങ് കോര്‍പ്പറേഷന്റെ 10 ദിവസം കൂടുമ്പോള്‍ നടത്തുന്ന ഒരു കപ്പല്‍ സര്‍വീസ് മാത്രമാണുള്ളത്. ഇത് വര്‍ദ്ധിപ്പിക്കുകയും കേരളത്തിലെയും തമിഴ്‌നാട്ടിലെയും തുറമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കേരളത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് തമിഴ്‌നാട് മന്ത്രിയെ അദ്ദേഹം അറിയിച്ചു. കൊല്ലം കോവളം കന്യാകുമാരി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഒരു ഫെറി സര്‍വീസ് ആരംഭിക്കുന്നതും ചര്‍ച്ച ചെയ്തു.

sameeksha-malabarinews

ദേശീയ ഹരിത ട്രിബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 200 മീറ്റര്‍ ബഫര്‍ സോണ്‍ ഇല്ലാത്ത ക്വാറികള്‍ തുറക്കാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പുതിയ ക്വാറികള്‍ ആരംഭിക്കാന്‍ പ്രയാസമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്ക് ആവശ്യമായ പാറയുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കരാര്‍ കമ്പനിയെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നത് തൂത്തുക്കുടി തുറമുഖത്തേക്കാണ്. തൂത്തുക്കുടിയില്‍ നിന്നും ഇത് കടല്‍മാര്‍ഗ്ഗം കൊല്ലത്ത് എത്തിച്ചാല്‍ ഇരു തുറമുഖങ്ങളുടെയും വാണിജ്യം വര്‍ദ്ധിക്കുവാനും വിലയില്‍ ഏറെ കുറവ് വരുത്തുവാനും കഴിയുമെന്നും മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. കേരളത്തില്‍ കൊല്ലം ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ കപ്പല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഇത് തൊട്ടടുത്ത തുറമുഖങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇരു സംസ്ഥാനങ്ങളുടെയും ചരക്ക് ഗതാഗതത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുവാനും കേരളത്തിലേക്ക് കൂടുതല്‍ ചരക്ക് എത്തിക്കാനും കഴിയും. കേരളത്തിന് വേണ്ട എല്ലാ സഹായവും സഹകരണവും തമിഴ്‌നാട് മന്ത്രി ഉറപ്പു നല്‍കിയതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!