Section

malabari-logo-mobile

കരുവന്നൂർ തട്ടിപ്പ്; ഭരണസമിതിയംഗങ്ങളിൽ നിന്നും ക്രൈംബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും

HIGHLIGHTS : Karuvannur scam; The crime branch will take statements from the board members today

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് ഭരണസമിതിയംഗങ്ങളില്‍ നിന്നും ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. ബാങ്ക് ഡയറക്ടര്‍മാരോട് നേരില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍ ഭരണസമിതിയുടെ കാലത്താണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആ ഭരണസമിതിയുടെ കാലത്തെ മൂന്ന് പേര്‍ നിലവില്‍ ഉണ്ടായിരുന്ന ഭരണസമിതിയിലുമുണ്ട്. ഈ ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്. ഭരണസമിതിയുടെ അറിവില്ലാതെ വായ്പകള്‍ അനുവദിക്കാനാവില്ലെന്നാണ് ചട്ടം. എസ്.പി സുദര്‍ശന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസന്വേഷിക്കുന്നത്.

sameeksha-malabarinews

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ് നടന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. 2014, 20 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ എത്തുമ്പോള്‍ പണം ലഭ്യമായിരുന്നില്ല. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ ആറ് മുന്‍ ജീവനക്കാര്‍ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍ ഭരണ സമിതിയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. പുതിയ ഭരണ സമിതി മുന്‍കൈ എടുത്താണ് പരാതി നല്‍കിയത്. പലര്‍ക്കും ആവശ്യത്തില്‍ അധികം പണം വായ്പയായി നല്‍കിയെന്നാണ് ആരോപണം. കൊടുക്കാവുന്ന പരമാവധി തുക നല്‍കിട്ടുണ്ടെന്നും മിക്കതും ഒരേ അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്നുമാണ് വിവരം. കുറച്ച് ദിവസം മുന്‍പ് കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടതിനെ തുടര്‍ന്നാണ് തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്.

വായ്പാതട്ടിപ്പിന് പുറമെ വന്‍ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും, കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂര്‍, മൂര്‍ഖനാട് സൂപ്പര്‍ മാര്‍ക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020ലെ കണക്കുകള്‍ മാത്രം എടുത്തു നോക്കിയാല്‍ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് 1കോടി 69ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. മാസ തവണ നിക്ഷേപ പദ്ധതിയില്‍ എല്ലാ ടോക്കണുകളും ഒരാള്‍ക്ക് തന്നെ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. അനില്‍ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകള്‍ ഏറ്റെടുത്തു. ഇതില്‍ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളില്‍ ബിനാമി ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പില്‍ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനില്‍ കുമാര്‍, ബ്രാഞ്ച് മാനേജര്‍ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയര്‍ അക്കൗണ്ടന്റുമായ ജില്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തില്‍ കവിഞ്ഞ വായ്പ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!