Section

malabari-logo-mobile

അനന്യയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ

HIGHLIGHTS : IMA announces voluntary probe into Ananya's death

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരി അലക്സിന്റെ മരണത്തില്‍ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ച് ഐഎംഎ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക. രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.

അതിനിടെ അനന്യയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളില്‍ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും. ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്. അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക വിവരം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

sameeksha-malabarinews

കഴിഞ്ഞ ദിവസമാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. അനന്യയുടെ മരണത്തില്‍ സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അനന്യയുടെ സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റുനില്‍ക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങള്‍ ഏറെയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!