അന്തര്‍ ജില്ലാ മോഷണ സംഘം പിടിയില്‍

Inter-district robbery gang arrested

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

വേങ്ങര: അന്തര്‍ ജില്ലാ മോഷണ സംഘം പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിവന്ന സംഘമാണിത്. താനൂര്‍ പനങ്ങാട്ടൂരില്‍ തയ്യില്‍ പറമ്പില്‍ വീട്ടില്‍ മഞ്ചുനാഥന്‍ (42) ഇയാളുടെ ഭാര്യ പാഞ്ചാലി(35), താനാളുര്‍ വട്ടത്തണ്ണി വേങ്ങപറമ്പ് വീട്ടില്‍ സുദര്‍ശന്‍(24), തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശി വിജയകാന്ത് (33) എന്നിവരാണ് പിടിയിലായത്.

മലപ്പുറം ജില്ലയില്‍ 6.8.20 ന് വേങ്ങരയിലെ പെട്രോള്‍ പമ്പില്‍ നടന്ന മോഷണത്തില്‍ 3 ലക്ഷം രൂപയും 9. 8.20 ന്,ചേളാരിയിലെ പമ്പില്‍ നടന്ന മോഷണത്തില്‍ 7 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി നടന്ന പെട്രോള്‍ പമ്പ് മോഷണത്തെ തുടര്‍ന്ന് അന്വേഷണത്തിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് സ്ത്രീയക്കെമുള്ള സംഘത്തെ പിടികൂടിയത്. ഇവരെ പിടികൂടി ചോദ്യം ചെയ്തതില്‍ ഫറൂക്ക് മണ്ണൂര്‍ വളവിലെ മൊബൈല്‍ കട കുത്തിതുറന്ന് 20 ഓളം മൊബൈല്‍ ഫോണുകളും മൊബൈല്‍ ആക്‌സസറീസുമടക്കം 1.5 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചതും കൂടാതെ നല്ലളം ഭാഗത്തു നിന്നും ബൈക്ക് മോഷ്ടിച്ച സംഭവത്തിനും തുമ്പായി.

ഇവരില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും പണവും കണ്ടെടുത്തു. മോഷ്ടിച്ച പണം ഉപയോഗിച്ച് 2 ദിവസം മുന്‍പ് ഇവര്‍ ഒരു ഓട്ടോറിക്ഷ വാങ്ങിച്ചതായി കണ്ടെത്തി. ഈ ഓട്ടോറിക്ഷയും പിടിച്ചെടുത്തു. മോഷ്ടിച്ച പണം എവിടെയാണെന്ന് പറയാന്‍ പ്രതി മഞ്ചുനാഥ് വിസമ്മതിച്ചെങ്കിലും ഇയാള്‍ താമസിച്ചിരുന്ന വാടക വീടിന്റെ പിറകില്‍ നിന്നും പ്ലാസ്റ്റിക്ക് കവറിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പണം കണ്ടെത്തുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ പിടിയിലായ മഞ്ചുനാഥും ഭാര്യയും കഴിഞ്ഞ മാര്‍ച്ചിലാണ് കോട്ടക്കലിലെ ഒരു ഡോക്ടറുടെ വീടും, കാടാമ്പുഴയില്‍ ഒരു വീടും പൊളിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയത്. പിടിയിലായ മഞ്ചുനാഥിന്റെ പേരില്‍ 20 ഓളം മോഷണകേസുകള്‍ ഉണ്ട്. സുദര്‍ശനന്‍ ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ്. ഇയാളെ കോഴിക്കോട് റെയില്‍വേ പോലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത് കഴിഞ്ഞ മാര്‍ച്ചിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ജയിലില്‍ വച്ചുള്ള പരിചയമാണ് പുതിയ കൂട്ടുകെട്ടിലേക്ക് എത്തിയത്. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുള്‍ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ഹരിദാസന്റെ നിര്‍ദ്ദേശ പ്രകാരം വേങ്ങര എസ് ഐ റഫീഖ്, തിരൂരങ്ങാടി എസ്‌ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്കു പുറമെ വേങ്ങര സ്റ്റേഷനിലെ സുബൈര്‍, ഷൈജു, സിറാജ്, തിരൂരങ്ങാടി സ്റ്റേഷനിലെ എസ്‌ഐ രഞ്ജിത്ത്, സുധീഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •