വൈദ്യുതി ഇല്ലേലും കുഴപ്പമില്ല; സൗരോര്‍ജ്ജ ബാഗുമായ് മുഹമ്മദ് ഗുലാം

Muhammad Ghulam with a solar bag

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി : വൈദ്യുതി നിലച്ചാലും മുഹമ്മദ് ഗുലാം നിര്‍മ്മിച്ച ബാഗ് കൈവശം ഉണ്ടെങ്കില്‍ ഏറെ നേരം പ്രശ്‌നമൊന്നും ഉണ്ടാകില്ല. ചേളാരി പമ്പ് ഹൗസിന് സമീപം കരണിയില്‍ പൈങ്ങിനി പറമ്പില്‍ മുഹമ്മദ് ഗുലാം (19) വികസിപ്പിച്ച സൗരോര്‍ജ്ജ ബാഗ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈദ്യുതി നിലച്ച സമയത്ത് ഇരുട്ടിലായപ്പോള്‍ സ്വന്തം വീട്ടില്‍ തന്നെ ഫോണ്‍ ചാര്‍ജിങ്ങും ബള്‍ബും ഫാനും പ്രവര്‍ത്തിപ്പിച്ചും തന്റെ മള്‍ട്ടി പര്‍പ്പസ് സൗരോര്‍ജ ബാഗിന്റെ പരീക്ഷണവും വിജയകരമായി നടത്തി. നാല് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനും അഞ്ച് വോള്‍ട്ടിലുള്ള നാല് ഫാന്‍, നാല് യു എച്ച് പി ലൈറ്റ് എന്നിവ പ്രവര്‍ത്തിപ്പിക്കാനും ഒരേ സമയം ഇതുകൊണ്ട് സാധിക്കും. എ സി പ്രവര്‍ത്തിപ്പിക്കാനും കഴിയും. ദീര്‍ഘസമയം വൈദ്യുതി നിലക്കുമ്പോള്‍ ഇതു കൊണ്ടുള്ള ഉപകാരം കുറച്ചൊന്നുമല്ല. പ്രളയ ബാധിതര്‍ക്കും ദൂരയാത്ര പോകുന്നവര്‍ക്കും ഏറെ സഹായകവുമാകും.

പ്രാഥമിക പഠനത്തിന് ശേഷം കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസ് ഐ ടി ഐ യില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് മെക്കാനിക്കില്‍ ഡിപ്ലോമ നേടിയ ഗുലാം 2018ല്‍ തന്നെ ഇത്തരമൊരു സംവിധാനത്തിന് മനസില്‍ രൂപം നല്‍കിയിരുന്നു. ഇപ്പോള്‍ മര്‍കസ് ഐ ടി ഐ യില്‍ തന്നെ അധ്യാപകനാണ്. പ്രകാശമുള്ള എവിടെ വെച്ചാലും ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജിലാക്കും ഈ സൗരോര്‍ജ ബാഗ്.
ഗുലാമിന് ഇത്തരമൊരു ആശയമുണ്ടായിരുന്നുവെങ്കിലും ബാഗ് സംവിധാനത്തില്‍ രൂപകല്‍പ്പന ചെയ്യാമെന്ന ആശയം നല്‍കിയത് മാതാവ് ഉമൈബാന്‍ ആണ്. നിര്‍മ്മാണത്തിനാവശ്യമായ ഉപകരണങ്ങളെല്ലാം ബാഗില്‍ ഇട്ടു കൊണ്ടുവന്നപ്പോഴായിരുന്നു ഉമ്മയുടെ ആശയം. ബാഗ് തയ്ച്ച് കൊടുത്തത് പ്ലസ്ടു വിദ്യാര്‍ഥിനിയായായ സഹോദരി സനയും. രണ്ട് മുതല്‍ ആറു മണിക്കൂര്‍ വരെ ചാര്‍ജ്ജ് നിലനില്‍ക്കും. രാത്രിയില്‍ ബാഗില്‍ ഘടിപ്പിച്ച ബള്‍ബില്‍ നിന്ന് പ്രകാശം വമിപ്പിക്കും. ബാഗിനടുത്ത് തീ ഉണ്ടെങ്കില്‍ അലാറം പ്രവര്‍ത്തിക്കുകയും ചെയ്യും ഇതിനായി ദൂരപരിധിയും ക്രമീകരിച്ചിട്ടുണ്ട്. ബാഗ് നഷ്ടമായാല്‍ ഒരു കിലോ മീറ്ററിനുള്ളിലാണെങ്കില്‍ മൊബൈലില്‍ ജി പി എസ് സംവിധാനം വഴി കണ്ടെത്താനും കഴിയും. ബാഗിന്റെ തൂക്കം ഒരു കിലോയാണ്. ബാഗില്‍ ചെറിയ ഫസ്റ്റ് എയ്ഡ് ബോക്‌സും ഉണ്ട്.

കഴിഞ്ഞ മര്‍ക്കസ് സമ്മേളന എക്‌സ്‌പോയില്‍ ഗുലാം തയ്യാറാക്കിയ റോബോട്ട് ഏറെ ശ്രദ്ധേയമായിരുന്നു. താന്‍ ഒരുക്കിയ ഈ മള്‍ട്ടി പര്‍പ്പസ് സോളാര്‍ ബാഗ് മാര്‍ക്കറ്റില്‍ ഇറക്കണമെന്നുണ്ടെന്ന് ഗുലാം പറയുന്നു. എന്നാല്‍ മാതാവും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഗുലാമിന് ഇതിനാവശ്യമായ സാമ്പത്തിക ചെലവ് വഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ തന്റെ ഈ ആഗ്രഹം സഫലമാക്കാന്‍ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിലാണ് ഗുലാം.

 

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •