
വേനല്‍ക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ അനുഭവിക്കുന്ന താപസമ്മര്‍ദം ലഘൂകരിക്കാനും അവയുടെ ആരോഗ്യ സംരക്ഷണത്തിനും ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. കടുത്ത ചൂട് മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനക്ഷമതയെയും സാരമായി ബാധിക്കുന്നതിനാല്‍ ഇത് പ്രതിരോധിക്കാന്‍ വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കുടിവെള്ളം
*24 മണിക്കൂറും തണുത്തതും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കണം. ഒരു കറവപ്പശുവിന് ദിവസം 100 മുതല്‍ 150 ലിറ്റര്‍ വരെ വെള്ളം ആവശ്യമായി വരാം.
*ടാങ്കുകള്‍ക്കും പൈപ്പുകള്‍ക്കും ഇന്‍സുലേഷന്‍ നല്‍കുകയോ വെള്ള പെയിന്റ് അടിക്കുകയോ ചെയ്യുന്നത് വെള്ളം ചൂടാകാതിരിക്കാന്‍ സഹായിക്കും.
*അമിതമായി കിതക്കുമ്പോഴും വിയര്‍ക്കുമ്പോഴും നഷ്ടപ്പെടുന്ന ലവണങ്ങള്‍ തിരികെ ലഭിക്കാന്‍ വെള്ളത്തില്‍ പൊട്ടാസ്യം, സോഡിയം, ബൈകാര്‍ബണേറ്റ് തുടങ്ങിയ ഇലക്‌ട്രോലൈറ്റുകള്‍ ചേര്‍ക്കാവുന്നതാണ്.
*തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. വലിയ ഫാനുകള്‍, മിസ്റ്റ്/ഫോഗിങ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് അന്തരീക്ഷ താപനില കുറക്കാന്‍ സഹായിക്കും.
*മേല്‍ക്കൂരക്ക് 10-12 അടി ഉയരം ഉണ്ടായിരിക്കണം. സിമന്റ്/ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ക്ക് മുകളില്‍ വൈക്കോലോ തെങ്ങോലയോ വിരിക്കുന്നത് ചൂട് കുറക്കും. കൂടാതെ മേല്‍ക്കൂരയില്‍ വെള്ള പെയിന്റ് അടിക്കുന്നതും പന്തല്‍ (കോവല്‍, പാഷന്‍ ഫ്രൂട്ട്) വളര്‍ത്തുന്നതും നല്ലതാണ്.
*മൃഗങ്ങളെ കുത്തിനിറച്ച് കെട്ടരുത്. കൃത്യമായ അകലം പാലിക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും.
*കടുത്ത ചൂട് കാരണം തണുപ്പുള്ള തൊഴുത്തുകളിലും മറ്റും പാമ്പുകള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
*വേനല്‍ക്കാലത്ത് ഈച്ചകള്‍, ഉണ്ണി തുടങ്ങിയവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തൊഴുത്ത് എപ്പോഴും ഉണങ്ങിയ നിലയില്‍ സൂക്ഷിക്കുക.
*ദിവസേന നല്‍കുന്ന ഭക്ഷണത്തിന്റെ 60-70 ശതമാനവും അന്തരീക്ഷം തണുപ്പുള്ള പുലര്‍ച്ചെയോ രാത്രിയോ നല്‍കുക.
*ദഹനത്തിന് കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ രാത്രി മാത്രം നല്‍കുക. പകല്‍ പച്ചപ്പുല്ല്, അസോള തുടങ്ങിയവ ധാരാളമായി നല്‍കണം.
*തീറ്റ എടുക്കുന്നത് കുറയുന്നതിനാല്‍ കുറഞ്ഞ അളവില്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്ന ‘ബൈപാസ് ഫാറ്റുകള്‍’ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വിദഗ്ധ നിര്‍ദേശപ്രകാരം അപ്പക്കാരം, യീസ്റ്റ്, വൈറ്റമിനുകള്‍ എന്നിവയും നല്‍കാവുന്നതാണ്.
ശരീര പരിപാലനം
*ദിവസം രണ്ടുനേരം മൃഗങ്ങളെ കുളിപ്പിക്കുന്നത് നല്ലതാണ്. പന്നികള്‍, എരുമകള്‍ എന്നിവക്ക് വിയര്‍പ്പുഗ്രന്ഥികള്‍ കുറവായതിനാല്‍ അവയെ കൂടുതല്‍ സമയം വെള്ളത്തില്‍ നനക്കുന്നത് ഗുണകരമാണ്.
*മൃഗങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പുലര്‍ച്ചെയോ വൈകുന്നേരമോ ആയി പരിമിതപ്പെടുത്തുക. വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകരുത്.
*കൃത്യമായ വാക്സിനേഷന്‍ നല്‍കുക
സൂര്യാഘാതം: ലക്ഷണങ്ങളും പ്രതിവിധിയും
ലക്ഷണങ്ങള്‍:
- ശരീരതാപനില ഉയരുക, കഠിനമായ കിതപ്പ്, വായ തുറന്നുള്ള ശ്വസനം.
- വായില്‍നിന്ന് ഉമിനീര്‍ നുരയും പതയുമായി ഒലിക്കുക.
- തളര്‍ച്ച, പാലുല്‍പാദനത്തില്‍ പെട്ടെന്നുള്ള കുറവ്.
പ്രതിവിധി:
- സൂര്യഘാതമേറ്റാല്‍ ഉടന്‍ മൃഗത്തിന്റെ ശരീരത്തില്‍ നന്നായി പച്ചവെള്ളം ഒഴിക്കുക.
- ധാരാളം കുടിവെള്ളം നല്‍കുക.
- അടിയന്തരമായി വെറ്ററിനറി ഡോക്ടറുടെ ചികിത്സ തേടുക.





