ഇന്‍സ്റ്റഗ്രാം പ്രണയം: ഡല്‍ഹിയിലേക്ക് പുറപ്പെട്ട പതിനാറുകാരിയെയും യുവാവിനെയും പോലീസ് പിടികൂടി

കരുവാരക്കുണ്ട് : ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനെട്ടുകാരന്‍ മലപ്പുറം കരുവാരക്കുണ്ടിലെത്തി. പതിനാറുകാരിയെ കൂട്ടി തീവണ്ടിയില്‍ ഡല്‍ഹിയിലേക്ക് തിരിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പുര്‍ മുഹമ്മദ് നവേദിനെ പോക്‌സോ വകുപ്പ് ചുമത്തി കോടതി റിമാന്‍ഡ് ചെയ്തു. കാമുകനെത്തിയപ്പോള്‍ സ്വകാര്യ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി ക്ലാസിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് തീവണ്ടിയില്‍ യാത്ര തിരിച്ചു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പെണ്‍കുട്ടി ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പോലീസ് റെയില്‍വേ പോലീസിന് സന്ദേശമയച്ചു. തുടര്‍ന്ന് ഇരുവരെയും കാസര്‍കോട് വെച്ചാണ് റെയില്‍വേ പോലീസ് പിടികൂടിയത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം പോലീസ് കാസര്‍കോടെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു ചോദ്യം ചെയ്യലിലാണ് ഇന്‍സ്റ്റഗ്രാം പ്രണയത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കാര്യങ്ങള്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Share news
error: Content is protected !!
Scroll to Top