Section

malabari-logo-mobile

ഇ-വാഹന നിര്‍മാണ മേഖലയ്ക്ക് കുതിപ്പേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി

HIGHLIGHTS : Indigenously developed lithium titanate battery to boost e-vehicle manufacturing sector

ഇലക്ട്രോണിക് വാഹന ഉല്‍പ്പാദന രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കുതിപ്പേകുന്ന,
തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എല്‍.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ കൈമാറി. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായരില്‍ നിന്ന് സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു.

സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്‌ക് മുന്‍കയ്യെടുത്തു രൂപീകരിച്ച ഇ.വി ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ്ങ് കണ്‍സോര്‍ഷ്യം ആണ് തദ്ദേശീയമായി എല്‍.ടി.ഒ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. വി.എസ്.എസ്.സി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി.എല്‍), സി-ഡാക് തിരുവനന്തപുരം, ട്രിവാന്‍ഡ്രം എന്‍ജിനീയറിങ്ങ് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്ക് എന്നിവയാണ് കണ്‍സോര്‍ഷ്യത്തിലെ പങ്കാളികള്‍.

sameeksha-malabarinews

ബാറ്ററി നിര്‍മാണത്തിനാവശ്യമായ 10 കിലോ എല്‍.ടി.ഒ ഇലക്ട്രോഡ് വസ്തു ടി.ടി.പി.എല്‍ വിതരണം ചെയ്യുകയും വി.എസ്.എസ്.സി ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ആയിരുന്നു. മികച്ച ഊര്‍ജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാര്‍ജിങ്ങ്, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുള്ള ബാറ്ററി ഭാവിയില്‍ ഹരിതോര്‍ജ്ജ ഇന്ധന ലഭ്യതയില്‍ പുതിയ വഴി തെളിക്കും.

എല്‍.ടി.ഒ ബാറ്ററി സംസ്ഥാന സര്‍ക്കാറിന് കൈമാറിയ മുഹൂര്‍ത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി പി രാജീവ് വിശേഷിപ്പിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യമാണ് തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു.

കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലകളില്‍ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല. മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. പരിപാടിയില്‍ സി-ഡാക് സീനിയര്‍ ഡയറക്ടര്‍ ചന്ദ്രശേഖര്‍ വി അധ്യക്ഷത വഹിച്ചു. ബാറ്ററി വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വി.എസ്.എസ്.സി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. എസ്. എ ഇളങ്കോവന്‍, ഹാരിഷ് സി.എസ് എന്നിവരെ മന്ത്രി ആദരിച്ചു.

കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍, ടി.ടി.പി.എല്‍ എം.ഡി ജോര്‍ജ് നൈനാന്‍, ഡോ. ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!