ഭിന്നിപ്പിനും വിദ്വേഷത്തിനും പകരം യോജിപ്പിന്റെ സാംസ്‌കാരിക ഇടങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി ഉദ്ഘാടനം തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തുല്യതയെക്കുറിച്ചുള്ള ബോധം സ്ത്രീയിലും പുരുഷനിലും സൃഷ്ടിക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമയില്‍ അഭിനയം, പിന്നണി ഗാനം എന്നീ മേഖലകളിലാണ് സ്ത്രീകള്‍ കൂടുതലുണ്ടായിരുന്നത്. സാങ്കേതിക മേഖലകളിലടക്കം കടന്നു വരുന്ന സ്ത്രീകള്‍ക്ക് അവസരങ്ങളും പരിശീലനവും നല്‍കും. സിനിമയുടെ എല്ലാ മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയണം. കെ.എസ്.എഫ്.ഡി.സി. നിര്‍മിച്ച വനിതാ സംവിധായകരുടെ സിനിമകള്‍ മികച്ച അഭിപ്രായം നേടി എന്നത് ശ്രദ്ധേയമാണ്. നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി വിവിധ മേഖലയിലുള്ളവരെയുള്‍പ്പെടുത്തി സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ ലോഗോ കെ.എസ്.എഫ്.ഡി.സി. എം.ഡി. എന്‍. മായക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകരായ ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി, മിനി ഐ ജി എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
വി കെ പ്രശാന്ത് എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി പദ്ധതി രൂപരേഖ അവതരിപ്പിച്ചു. നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല, വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു വി.സി., കുടുംബശ്രീ അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ (ജന്‍ഡര്‍) പ്രീത ജി നായര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, കുക്കു പരമേശ്വരന്‍ എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് പദ്ധതി രൂപരേഖയെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു.
ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് ഡിസൈന്‍, വസ്ത്രാലങ്കാരം,ചമയം, കലാസംവിധാനം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്കാണ് അവസരം ലഭിക്കുന്നത്.പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാല സംഘടിപ്പിക്കുകയും അതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ചലച്ചിത്ര സംഘടനകളുടെ സഹകരണത്തോടെ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രതിമാസ സ്റ്റൈപ്പന്റ് സഹിതം അപ്രന്റിസ്ഷിപ്പ് അനുവദിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഫിലിം ചേബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ , ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് , ഫെഫ്ക പ്രസിഡന്റ് സോഹന്‍ സീനു ലാല്‍, ഡബ്ല്യൂ സി സി പ്രതിനിധി ആശ ആച്ചി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




