കോട്ടക്കല്‍: വാഹന ഉടമയായ ടാക്‌സിഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി തട്ടി ക്കൊണ്ടുപോയി വാഹനവും പണവും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. വള്ളുവങ്ങാട് വെട്ടിക്കാട്ടിരി കോല്‍ക്കാരന്‍ ഷഫീഖ് (24), മഞ്ചേരി ആനക്കയം ചപ്പൂര്‍ ചേറൂര്‍ക്കളത്തില്‍ നൗഷാദലി (21) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതി എടവണ്ണ സ്വദേശിനി ഹസീന ചക്കിങ്ങല്‍ (35) നേരത്തെ പിടിയിലായിരുന്നു. മൂന്നും നാലും പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഒരു പ്രതിയെ കൂടി കിട്ടാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
ഒക്ടോബര്‍ 30നാണ് കേസിനാസ്പദമായ സംഭവം. കോട്ടക്കല്‍ സ്വദേശിയായ ടാക്‌സി ഡ്രൈവര്‍ പെണ്‍സുഹൃത്തുമായി സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ സംഘം കോട്ടക്കലില്‍ വച്ച് തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ കയറി. പെണ്‍സുഹൃത്ത് വാഹനത്തില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീട് സംഘം ഇയാളുമായി കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ കറങ്ങി. ഡ്രൈവറെ സംഘം മര്‍ദിക്കുകയും പണം കവരുകയും ചെയ്തു. അവശനിലയിലായപ്പോള്‍ അര്‍ധരാത്രിയോടെ കോഴിക്കോട് നഗരത്തില്‍ ഇറക്കിവിട്ട സംഘം കാറുമായി കടന്നു.
മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീര്‍, കോട്ടക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ് കെ പ്രിയന്‍, എസ്‌ഐമാരായ ഓസ്റ്റണ്‍ ജി ഡെന്നിസണ്‍, ഗിരിഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.




