ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഏപ്രില്‍ 18, 19 തീയതികളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50-60 , 60-70 നും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മലപ്പുറം ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് സൂചന നല്‍കുന്നു.

മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ശക്തമായ മഴ കാരണം ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയങ്ങളില്‍ (വൈകീട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാനും ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികളും, മുതിര്‍ന്നവരും പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു വരെ അടുത്ത അഞ്ചു ദിവസം ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ഈ സമയങ്ങളില്‍ ടെറസ്സിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ തുറസ്സായ സ്ഥലത്ത് നിന്ന് കളിക്കുന്നതും വിലക്കണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വേദികളില്‍ പ്രസംഗിക്കുന്നവര്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കാനും മൈക്ക് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. മിന്നലേറ്റാല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം വരെ സംഭവിക്കുകയോ ചെയ്യാം. അതിനാല്‍ മിന്നലേറ്റ വ്യക്തിക്ക് ആദ്യ മുപ്പത് സെക്കന്റിനുള്ളില്‍ പ്രഥ ശുശ്രൂഷ നല്‍കണം. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ പൊതുജനങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
പൊതു നിര്‍ദേശങ്ങള്‍
– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടണം
– ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ഫോണ്‍ ഉപയോഗിക്കരുത്.
– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
– വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
– വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
– ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങരുത്
– പട്ടം പറത്തുവാന്‍ പാടില്ല
– തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
– ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടുപ്പിക്കാം.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
(എം.പി.എം 1380/2019)

*സംസാരശേഷി പരിമിതര്‍ക്കുള്ള ഇടിമിന്നല്‍ സുരക്ഷ സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ദൃശ്യ സന്ദേശം അനുബന്ധമായി ചേര്‍ക്കുന്നു.

Related Articles