വേനല്‍മഴ: മലപ്പുറം ജല്ലയില്‍ കാര്‍ഷികമേഖലയില്‍ നഷ്ടം 4.42 കോടി

മലപ്പുറം:ജില്ലയില്‍ കനത്തമഴയും കാറ്റുംമൂലം കാര്‍ഷികമേഖലയില്‍ 4.42 കോടിയുടെ നഷ്ടം. വരള്‍ച്ചമൂലമുണ്ടായ 1.70 കോടിയുടെ നഷ്ടത്തിന് പുറമെയാണിത്. ഏപ്രില്‍ 17 മുതല്‍ 27 വരെയുള്ള കണക്കാണിത്.

വാഴക്കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 1,96,440 വാഴകളാണ് കാറ്റില്‍ നശിച്ചത്. ഇതിലൂടെ മാത്രം 3.62 കോടിയുടെ നഷ്ടമുണ്ടായി. ജില്ലയില്‍ ആകെ 1701 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. ഇതില്‍ 1,170 പേരും വാഴക്കൃഷി ചെയ്യുന്നവരാണ്. 115.98 ഹെക്ടറിലാണ് മഴ നാശം വിതച്ചത്.

തെങ്ങ്, കുരുമുളക്, നെല്‍ക്കര്‍ഷകര്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. വരള്‍ച്ചമൂലം 304 നെല്‍ക്കര്‍ഷകര്‍ക്ക് കൃഷി വിളവെടുക്കാന്‍ കഴിഞ്ഞില്ല. കൊണ്ടോട്ടി, പുളിക്കല്‍, നന്നമ്പ്ര, എടരിക്കോട്, മൂത്തേടം, പെരുമണ്ണ ക്ലാരി, ഊര്‍ങ്ങാട്ടിരി, കരുളായി, ഊരകം, നെടിയിരുപ്പ്, എടക്കര, മഞ്ചേരി, വാഴക്കാട്, വാഴയൂര്‍, പൂക്കോട്ടൂര്‍, പൊന്‍മള, ആനക്കയം, അരീക്കോട് ഭാഗങ്ങളിലാണ് മഴ കൂടുതല്‍ നാശമുണ്ടാക്കിയത്. കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 71.9 മില്ലി മീറ്റര്‍ വേനല്‍മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്.

Share news
error: Content is protected !!
Scroll to Top