Section

malabari-logo-mobile

കേരളത്തിന്റെ വികസന സംരംഭങ്ങള്‍ നാടിന് അര്‍ഹിക്കുന്ന അംഗീകാരം ലഭ്യമാക്കി: ഗവര്‍ണര്‍

HIGHLIGHTS : തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങള്‍ കേരളത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൊണ്ടുവന്നതായി ഗവര്‍ണര്‍ ആരിഫ് മു...

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങള്‍ കേരളത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൊണ്ടുവന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ റിപബ്ളിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
യു. എന്നിന്റെയും നീതി ആയോഗിന്റേയും സുസ്ഥിര വികസനത്തിന്റെയും നീതി ആയോഗിന്റെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെയും സൂചികകളില്‍ ഒന്നാമതായ കേരളം ലിംഗ സമത്വത്തിലും ക്ഷേമത്തിലും രാജ്യത്തിനു തന്നെ മാതൃകയാണ്. ഇവയെല്ലാം കേരളത്തിന്റെ പുരോഗതിക്ക് ഉദാഹരണങ്ങളാണ്. നീതി ആയോഗിന്റെ നവീനതാ സൂചികയിലും കേരളം അസൂയാവഹമായ സ്ഥാനത്താണ്.
കേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ മണ്ണിടിച്ചില്‍ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു. ദുരന്തങ്ങളില്‍ നഷ്ടപ്പെട്ട പുരോഗതിയും പ്രതാപവും തിരികെ നേടാന്‍ റീബില്‍ഡ് കേരള പദ്ധതി ജനങ്ങളെ സഹായിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും കേരളം മുന്നോട്ടാണ്. മസാല ബോണ്ട്, കേരള ബാങ്ക് തുടങ്ങി നൂതനമായ പദ്ധതികളിലൂടെ കേരളം ഇതിനെ തരണം ചെയ്യുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ ഇവയൊന്നും കേരളത്തിന് തടസമായിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഴുവന്‍ സ്‌കൂളുകളെയും ഡിജിറ്റല്‍ സാങ്കേതത്തിന് കീഴില്‍ കൊണ്ടുവന്നതോടെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാക്കുകയും കേരളം മറ്റു പ്രദേശങ്ങളെക്കാള്‍ ഒരു പടി മുന്നിലെത്തുകയും ചെയ്തു.
ഇന്ത്യ ആഗോള നിക്ഷേപ കേന്ദ്രമായി ഉയരുന്ന വേളയില്‍ കേരളം വ്യവസായികള്‍ക്ക് ഉദാര വ്യവസ്ഥകളാണ് നടപ്പാക്കുന്നത്. ഇത് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചു. കേരളത്തിന്റെ ഇലക്ട്രിക് വാഹന നയം റിന്യുവബിള്‍ എനര്‍ജി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു. ഐ. ടി മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന നിക്ഷേപം കൂടുതല്‍ തൊഴില്‍ ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടവും ഇ ഹെല്‍ത്ത് പദ്ധതിയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യ ഇന്ന് ലോകത്തെ തന്നെ ശക്തമായ രാഷ്ട്രങ്ങളിലൊന്നാണ്. ബഹിരാകാശ ശാസ്ത്രം, സേനാ തയ്യാറെടുപ്പ്, ഭക്ഷ്യ ഉത്പാദനം, കൃഷി, വിനോദം തുടങ്ങി വിവിധ മേഖലകളില്‍ രാജ്യം ശക്തി തെളിയിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക മേഖകളിലും രാജ്യം വലിയ നേട്ടം കൈവരിച്ചിരിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!