HIGHLIGHTS : 'Government in debt trap, Keraleeyam is profligate', opposition leader VD Satheesan
കൊച്ചി: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന കേരളീയം പരിപാടി ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മനസാക്ഷി ഇല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചെലവിടുന്നുവെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ഏറ്റവും വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സപ്ലൈക്കോയിലെ ഇ-ടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് നല്‍കാനുള്ളത്. സപ്ലൈകോയില്‍ ഇ ടെന്‍ഡറില്‍ വിതരണക്കാര്‍ പങ്കെടുക്കാത്തത് അവര്‍ക്ക് 1500 കോടി രൂപ കൊടുക്കാനുള്ളത് കൊണ്ടാണെന്നും മാധ്യമങ്ങളില്‍ 670 കോടി രൂപയുടെ കാര്യമേ വന്നിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്തെ കിറ്റിന്റെ പണം കൊടുക്കാനുണ്ടെന്നും വി ഡി സതീശന്‍ പറയുന്നു. സര്‍ക്കാര്‍ കൊള്ളക്കാരെ രക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പൊലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ല. എന്ത് കാര്യത്തിനാണ് കേരളീയം പരിപാടി നടത്തുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
കേരളീയത്തിന് 27 കോടി രൂപ കൊടുക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ പാവപ്പെട്ടവന് വീട് വെക്കാന്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ 2.5 ശതമാനം മാത്രമാണ് കൊടുത്തതെന്നും ഒമ്പത് ലക്ഷം പേര്‍ വീടിന് കാത്തിരിക്കുമ്പോഴാണ് ധൂര്‍ത്ത് നടത്തികൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘കേരളത്തില്‍ മാസങ്ങളായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിരിക്കുകയാണ്. ഉച്ചഭക്ഷണത്തിന് കൊടുക്കാനുള്ള പണമില്ല. അഞ്ഞൂറോളം അധ്യാപകര്‍ തങ്ങള്‍ക്ക് പ്രൊമോഷന്‍ വേണ്ടാ എന്ന് എഴുതിക്കൊടുത്തിരിക്കുകയാണ്. കാരണം ഹെഡ്മാസ്റ്ററോ ഹെഡ്മിസ്ട്രസോ ആയാല്‍ ശമ്പളം പോലും വീട്ടില്‍ കൊണ്ടുപോകാനാകാതെ ഉച്ചഭക്ഷണത്തിന്റെ മുഴുവന്‍ കടബാധ്യതയും ഏറ്റെടുക്കേണ്ടി വരും.
കേരളത്തിലെ ഏറ്റവും വലിയ പൊതു ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സി.യില്‍ ശമ്പളം കൊടുത്തിട്ടില്ല, മൂന്നുമാസമായി പെന്‍ഷനും കൊടുത്തിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാതെ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുകയാണ്,’ അദ്ദേഹം പറഞ്ഞു.
1957 മുതല്‍ 2016 വരെയുള്ള കെ.എസ്.ഇ.ബിയുടെ 1,083 കോടി രൂപയുടെ ബാധ്യത ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീര്‍ത്തിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷം മാത്രമുണ്ടായ കടം 40,000 കോടി രൂപയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെട്ടിടനിര്‍മാണ പദ്ധതി, എന്‍ഡോസല്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം, കാരുണ്യ പദ്ധതി എന്നിവയിലുള്ള പണവും ഇതുവരെ കൊടുത്തിതീര്‍ത്തിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു