.
തിരുവനന്തപുരം: കേരളഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍.
ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആദ്യം വാദിച്ചത് കോണ്‍ഗ്രസ് ആണെന്നും, ഹിന്ദു അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ഗാന്ധിജിയും നെഹ്‌റുവും പറഞ്ഞിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മന്‍മോഹന്‍സിങ്ങും, പ്രണബ് മൂഖര്‍ജിയും ഇതിനായി വാദിച്ചെന്നും ആരീഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു .ദില്ലിയില്‍ നടന്ന പൗരത്വബില്ലുമായി ബന്ധപ്പെട്ട ഒരു സെമിനാറിലായിരുന്നു ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍
ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ നിയമത്തെ വെള്ളപൂശാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നവെന്നും കേന്ദ്രസര്‍ക്കാരിന്റെ പിആര്‍ഒയെപ്പോലെ അദ്ദേഹം പെരുമാറുന്നത് ശരിയെല്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.
വിഎം സുധീരന്റെ ഫെയസ്ബുക്ക് പോസ്റ്റ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ കൂടുതല്‍ ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ന്യായവാദങ്ങളൊക്കെ ജനങ്ങള്‍ തള്ളിക്കളയുന്ന സ്ഥിതിയാണുള്ളത്.
ഇന്ത്യയെ വര്‍ഗീയ ഭ്രാന്താലയമാക്കാനുള്ള മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ തെറ്റായ ശ്രമങ്ങളില്‍ നിന്നും സദുപദേശങ്ങള്‍ നല്‍കി അവരെ പിന്തിരിപ്പിക്കാനും ഭരണഘടനയുടെ അന്തഃസത്ത സംരക്ഷിക്കാനും ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നത സ്ഥാനീയര്‍ അനുയോജ്യമായ രീതിയില്‍ ഇടപെടേണ്ട സന്ദര്‍ഭമാണിത്.
എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിനെയും മോഡി-അമിത് ഷാ മാരുടെ ഭ്രാന്തന്‍ നടപടി എന്ന് വിശേഷിപ്പിക്കാവുന്ന പൗരത്വ ഭേദഗതി നിയമത്തെയും വെള്ളപൂശാന്‍ ആദരണീയനായ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിച്ചു കാണുന്നത് നിര്‍ഭാഗ്യകരമാണ്. അദ്ദേഹം വഹിക്കുന്ന ഉന്നതപദവിക്ക് അതൊന്നും തെല്ലും അനുയോജ്യമല്ല.
കേന്ദ്ര സര്‍ക്കാരിന്റെ കേവലമൊരു പി.ആര്‍.ഒയെ പോലെ ദയവായി അദ്ദേഹം പെരുമാറരുത്. അങ്ങനെ വന്നാല്‍ ഗവര്‍ണറായി വന്നതിനുശേഷം അദ്ദേഹത്തിന് കേരളത്തില്‍
ലഭിച്ച വലിയ സ്വീകാര്യതയ്ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള തെറ്റായ നടപടികളെ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കുന്ന നടപടികളില്‍ നിന്നും ബഹു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്തിരിയണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.




