മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ അദേഹത്തിന്റെ വസതയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

വാജിപേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. 1967 ലാണ് അദേഹം ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ബോംബെ സൗത്തില്‍ നിന്നാണ് മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവായ എസ് കെ പാട്ടീലിനെയാണ് അന്ന് പരാജയപ്പെടുത്തിയത്. 1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1973ല്‍ പാര്‍ട്ടി ചെയര്‍മാനുമായി. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജയില്‍വാസം അനുഷ്ടിച്ചിട്ടുണ്ട്. ജയില്‍വാസത്തിന്‌ടെ 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പൂരില്‍ നിന്ന് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. തുടര്‍ന്ന് മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ വ്യവസായ മന്ത്രിയായി. 1980 നല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചെങ്കിലും പ്രതിപക്ഷത്തായിരുന്നു. 1984 ല്‍ ബാംഗ്ലൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ലും 1991 ലും മുസാഫിര്‍പുരില്‍ നിന്ന് വിജയിച്ചു. 1989 ല്‍ വി പി സിങ് മന്ത്രിസഭയിലെ റെയില്‍വേമന്ത്രിയായി. 1999 ല്‍ ജനതാദളില്‍ നിന്ന് പിരിഞ്ഞ് സമതാ പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു സമതാ പാര്‍ട്ടി. 2003ല്‍ ജനതാദള്‍ യുണൈറ്റഡുമായി സമതാപാര്‍ട്ടി ലയിച്ചു. 1998-2004 ല്‍ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 15 ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് രാജ്യസഭിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2010 മുതല്‍ മറവി രോഗത്തിന് ചികിത്സയിലായിരുന്നു അദേഹം.

1930 ജൂണ്‍ മൂന്നിന് മംഗലാപുറത്താണ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ജനിച്ചത്. ആറു സഹോദരങ്ങളാണ് അദേഹത്തിനുണ്ടായിരുന്നത്. മുന്‍ കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ഭാര്യ. മകന്‍ സീന്‍ ഫെര്‍ണാണ്ടസ്. 1980 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 1984 മുതല്‍ ജയാ ജറ്റ്‌ലിയായിരുന്നു അദേഹത്തിന്റെ സഹയാത്രിക. എന്നാല്‍ അസുഖ സമയത്ത് ഭാര്യ തിരിച്ചെത്തി. സോഹദരങ്ങള്‍ പരാതിയുമായി രംഗത്തെത്തിയത് വിവാദമായിരുന്നു. എന്നാല്‍ കോടതിയില്‍ പരാതിയെത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയായിരുന്നു.

Related Articles