HIGHLIGHTS : G20 Summit concludes; The chairmanship was handed over to Brazil
ന്യൂഡല്‍ഹി: ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടി സമാപിച്ചു. ജി20 അധ്യക്ഷ പദവി ഇന്ത്യ, ബ്രസീലിന് കൈമാറി. ഉച്ചകോടിയുടെ സമാപന സെഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ആചാരപരമായ ചുറ്റിക രൂപത്തിലുള്ള ലഘുദണ്ഡ് (ഗാവല്‍) ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ ഏറ്റുവാങ്ങി. ഡിസംബര്‍ ഒന്നിന് പദവി ഔദ്യോഗികമായി ബ്രസീല്‍ ഏറ്റെടുക്കും.
ഊഴമനുസരിച്ച് അടുത്ത ഉച്ചകോടി ബ്രസീലിയന്‍ നഗരമായ റിയോ ഡി ജനീറോയില്‍ 2024 നവംബറിലാണ് നടക്കുക. തങ്ങള്‍ ആതിഥ്യം വഹിക്കുന്ന ഉച്ചകോടിയില്‍ ഉക്രയ്ന്‍ വിഷയമാകില്ലെന്ന് വ്യക്തമാക്കിയ ലുല ദാരിദ്ര്യത്തിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ അജന്‍ഡയാകുമെന്നും പ്രഖ്യാപിച്ചു. ‘നീതിയുക്തമായ ലോക നിര്‍മിതി, സുസ്ഥിരമായ ഭൂമി’ എന്നതാകും റിയോ സമ്മേളനത്തിന്റെ സന്ദേശം. ആഗോള ദാരിദ്ര്യത്തിന് 2030ല്‍ അന്ത്യം കുറിക്കാന്‍ രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനം ഇരട്ടിയാക്കണമെന്നും ലുല ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് വകവയ്ക്കാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുമെന്നും ലുല വ്യക്തമാക്കി.
ഒരു ഭാവിയെന്ന സന്ദേശമുയര്‍ത്തി മൂന്നാം സെഷനോടെ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്ക് തിരശ്ശീല വീണു. ഞായര്‍ രാവിലെ നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിലെത്തി ആദരമര്‍പ്പിച്ചു. ജി-20 അധ്യക്ഷപദവി നവംബര്‍വരെ ഇന്ത്യക്കുണ്ടെന്ന് സമാപന പ്രസംഗത്തില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബറില്‍ വിര്‍ച്വല്‍ സമ്മേളനം ചേരാമെന്ന നിര്‍ദേശവും മുന്നോട്ടുവച്ചു. അവസാന ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. മോദിയുടെ പാരീസ് സന്ദര്‍ശനത്തിനു ശേഷമുള്ള നയതന്ത്രനീക്കങ്ങളുടെ പുരോഗതി വിലയിരുത്തിയ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ക്യാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും മോദി ചര്‍ച്ച നടത്തി.
ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നുള്ള റേഡിയോ ആക്ടീവ് ജലം തുറന്നുവിട്ട സംഭവത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ വിശദീകരണം നല്‍കി. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയും കിഷിദ കണ്ടു. ലി ക്വിയാങ്ങുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ചൈനയുടെ ബെല്‍റ്റ് റോഡ് പദ്ധതിയില്‍നിന്ന് പിന്മാറുന്ന കാര്യം ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അറിയിച്ചു. ശനിയാഴ്ച അമേരിക്കന്‍ സമ്മര്‍ദത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-മധ്യേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയുടെ ഭാഗമാകുന്നതിനാലാണ് 2019ല്‍ ഒപ്പിട്ട കരാറില്‍നിന്നുള്ള പിന്മാറ്റം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു