HIGHLIGHTS : Fuel leak at Elathur: Accident occurred due to faulty sensor gauge
കോഴിക്കോട്:എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്പിസിഎൽ) ഉണ്ടായ ഡീസൽ ചോർച്ച ഇന്ധനം നിറയ്‌ക്കുന്നതിനിടയിൽ ഉണ്ടായ സെൻസർ ഗേജ് തകരാറുമൂലമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം.
മെക്കാനിക്കൽ/ഇലക്ട്രോണിക് വീഴ്ചയാണ് ഇന്ധന ചോർച്ചയ്ക്ക് കാരണം. 1500 ലിറ്റർ ഇന്ധനം ആണ് ചോർന്നത്. 800 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെ ചുറ്റളവിൽ മലിനീകരണം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.
റവന്യൂ, ആരോഗ്യ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിശമന സേന, ഫാക്റ്ററീസ് & ബോയിലേഴ്സ്, കോഴിക്കോട് കോർപ്പറേഷൻ എന്നീ ആറ് വിഭാഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഉന്നതതല സമിതി സ്ഥിതിഗതികൾ വിലയിരുത്തുന്നതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ജില്ലാ കലക്ടർ കമ്മറ്റിയുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്.
എൻവയോൺമെൻറ് പ്രൊട്ടക്ഷൻ ആക്ട്, മലിനീകരണ നിയന്ത്രണ ബോർഡ് നിയമങ്ങൾ എന്നിവ പ്രകാരം കേസെടുക്കും. ഫാക്ടറീസ് ആക്ട് സെക്ഷൻ 92, 96 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് ഷോകോസ് നോട്ടീസും നൽകി.
സമീപത്തെ ജലസ്രോതസ്സുകൾ എത്രയും പെട്ടെന്ന് വൃത്തിയാക്കുക എന്നതിനാണ് പ്രഥമ പരിഗണന. പ്രത്യേക ഓയിൽ ഡിസ്പെൻസർ ലിക്വിഡ് ഉപയോഗിച്ച് ജലത്തിലെ മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചു.
സമീപവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ പരിഹരിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ചു ജനങ്ങളുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയിട്ടുണ്ട്.
ഉന്നതതല സമിതിയിലെ ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. എച്ച്പിസിഎൽ അധികൃതരുമായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ചർച്ച നടത്തി.
ചോർച്ച തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഡീസൽ ചോർച്ച സമീപത്തെ ജലാശയങ്ങളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശം നൽകി. സ്റ്റോറേജ് കണ്ടെയ്നറുകൾ ലീക്ക് പ്രൂഫ് ആണെന്നും കൂടുതൽ ചോർച്ച ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനും പ്രവർത്തനങ്ങൾ പുന:രാരംഭിക്കുന്നതിനു മുൻപ് എല്ലാ സുരക്ഷയും പാരിസ്ഥിതിക സാഹചര്യങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും എച്ച്പിസിഎല്ലിന് നിർദ്ദേശം നൽകി.
ഇൻസ്‌ട്രുമെന്റേഷൻ സിസ്റ്റത്തിന്റെ സാങ്കേതിക തകരാർ മൂലം ടാങ്ക് നിറഞ്ഞു മാൻഹോളിലൂടെ പുറത്തേക്ക് ഒഴുകുകയായിരുന്നുവെന്നാണ് എച്ച്പിസിഎൽ അറിയിച്ചത്.
ഡീസലും വെള്ളവും ചേർന്ന് 10,000 ത്തോളം ലിറ്റർ ടാങ്കറിലും ഡ്രമ്മിലുമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.