Section

malabari-logo-mobile

സ്വാതന്ത്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലന്‍ കുട്ടി മേനോന്‍ അന്തരിച്ചു

HIGHLIGHTS : Freedom fighter A. Gopalankutty Menon passed away

കോഴിക്കോട്: പ്രമുഖ സ്വാതന്ത്യസമര സേനാനിയും ഗാന്ധിയനും സമാരാധ്യ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ ഗോപാലന്‍കുട്ടി മേനോന്‍ (106) അന്തരിച്ചു. മൃതദേഹം ഇന്നു വൈകുന്നേരം 4 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറും അദ്ധ്യാപികയുമായിരുന്ന പരേതയായ വി എന്‍ ഭാനുമതി ടീച്ചറാണു ഭാര്യ. മക്കള്‍: വി എന്‍ ജയ ഗോപാല്‍ (മാതൃഭൂമി റിട്ട. ഡപ്യൂട്ടി എഡിറ്റര്‍) വി എന്‍ ജയന്തി (യൂനൈറ്റഡ് ഇന്തൃ ഇന്‍ഷ്യൂറന്‍സ്). സഹോദരങ്ങള്‍: പരേതരായ കുഞ്ഞു അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മാധവ മേനോന്‍, അപ്പുക്കുട്ടി മേനോന്‍, കല്യാണിക്കുട്ടി അമ്മ, മീനാക്ഷി ക്കുട്ടി അമ്മ.

കൊയിലാണ്ടിയിലെ അള്ള മ്പത്തൂര്‍ ചുട്ടേത്ത് തറവാട്ടില്‍ കണാരന്‍ നായര്‍ ശ്രീദേവി അമ്മ ദമ്പതികളുടെ ഏഴ് മക്കളില്‍ അഞ്ചാമനായിട്ടായിരുന്നു ജനനം. കുട്ടിക്കാലത്ത് തന്നെ ദേശീയ ബോധം മനസ്സില്‍ അലയടിച്ചുയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. അയിത്തോച്ചാടാനം, കള്ള് ഷാപ്പ് ഉപരോധം, ഹരിജനോദ്ധാരണം, ഹിന്ദി പ്രചാരണം, വിദേശവസ്ത്ര ബഹിഷ്‌ക്കരണം തുടങ്ങിയ ദേശസ്‌നേഹപരമായ പൊതുപ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കാലത്ത് തന്നെ മേനോന്‍ പങ്കെടുത്തു. കറ കളഞ്ഞ മനുഷ്യ സ്‌നേഹി, സത്യസന്ധതയുടെ ആള്‍രൂപം, ലളിതമായ ജീവിത ശൈലി, ആരിലും മതിപ്പുളവാക്കുന്ന വിനയ മധുരമായ പെരുമാറ്റം അധികാര പദവികളിലും സ്ഥാനമാനങ്ങളിലും അശേഷം താല്‍പ്പര്യം പ്രകടിപ്പിക്കാത്ത പ്രകൃതം ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാത്ത അടിയുറച്ച കമ്മ്യൂണിസ്റ്റ് – എല്ലാ അര്‍ത്ഥത്തിലും ശീല ശുദ്ധിയുള്ള കുലീനനായ പൊതുപ്രവര്‍ത്തകനായിരുന്നു മേനോന്‍. ആരോഗ്യം അനുവദിച്ച കാലമത്രയും പൊതു സേവനങ്ങള്‍ക്ക് ഉഴിഞ്ഞു വെച്ച ത്യാഗ നിര്‍ഭരമായ ജീവിതമായിരുന്നു. അരുതായ്മകളോട് അരുതെന്നു പറയാനുള്ള അസാമാന്യമായ ധീരത എപ്പോഴും പ്രകടിപ്പിച്ചു.

ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1934 ല്‍ കോഴിക്കോടെത്തിയ ഗാന്ധിജിയോടൊപ്പം കഴിയാന്‍ മേനോനു അസുലഭമായ ഭാഗ്യം ഉണ്ടായി. കൊയിലാണ്ടിയിലെ സ്വീകരണം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ ഗാന്ധിജിയുടെ ശുശ്ര്യൂഷയ്ക്ക് വേണ്ടി കെ കേളപ്പന്റെ നേതൃത്വത്തിലുളള സംഘാടകര്‍ ചുമതലപ്പെടുത്തിയത് എ ഗോപാലന്‍കുട്ടി മേനോന്റെ നേതൃത്വത്തിലുള്ള മൂന്ന് വിദ്യാര്‍ത്ഥികളെയായിരുന്നു.

സത്യസന്ധനായി ജീവിക്കാനും ഹിന്ദി പഠിക്കാനുമാണു ഇവരെ അനുഗ്രഹിച്ചു കൊണ്ട് ഗാന്ധിജി ഉപദേശിച്ചത്. ആ സംഭവം മേനോന്റെ ജീവിതത്തിലെ നിര്‍ണ്ണായമായ വഴിത്തിരിവായി. ഗാന്ധിജിയുടെ എളിമ ജീവിതം സ്വജീവിതത്തില്‍ പകര്‍ത്തിയ മേനോന്‍ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റായി സത്യസന്ധനായി ജീവിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച മേനോന്‍ ഇരുപത്തി ഒന്നാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പന്തലായിനി (ഇന്നത്തെ കൊയിലാണ്ടി) പഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളരുമ്പോള്‍ മേനോന്‍ ദേശാഭിമാനി പത്രത്തിന്റെ മാനേജറായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കൊപ്പം നിന്നു. പൊതുപ്രവര്‍ത്തനത്തിനിടയില്‍ പലപ്പോഴും ഭീകര മര്‍ദനത്തിനു വിധേയമായി. ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!