മായില്ല മനസ്സിൽ നിന്ന്, തട്ടമിട്ട് പന്തുതട്ടുന്ന ആ രൂപം…

fousiya mampatta football player passed away

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •  

അന്തരിച്ച കേരളത്തിലെ ആദ്യകാല വനിത ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റയെകുറിച്ച് അബ്ദുള്‍ സലിം ഇ.കെ എഴുതുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


“ആദ്യമായി ഒരു ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പണം കണ്ടെത്തിയത് പെരുന്നാളിന് പുതുവസ്ത്രമെടുക്കാതെയും ആകെയുണ്ടായിരുന്ന കുറച്ച് ആഭരണങ്ങൾ വിറ്റുമായിരുന്നു ”
മാതൃഭൂമിയിൽ വന്ന ഒരു ഇൻറർവ്യൂവിൽ ഫൗസിയ മാമ്പറ്റ ഒരിക്കൽ പറഞ്ഞത് വായിച്ചതോർക്കുന്നു….
പക്ഷേ രണ്ട് പതിറ്റാണ്ടിലേറെയായി പരിശീലന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഫൗസിയ മാമ്പറ്റ എന്ന ഫുട്ബോൾ കോച്ചിൻ്റെ ഇച്ഛാശക്തിക്കു മുന്നിൽ ഈ പ്രതിബന്ധങ്ങളൊന്നും തടസ്സമായിരുന്നില്ല…
ഫുട്ബോൾ, ഹാൻഡ്ബോൾ ,വെയിറ്റ് ലിഫ്റ്റിംഗ്, പവർ ലിഫ്റ്റിംഗ്, ഹോക്കി ,വോളിബോൾ ,ജൂഡോ ഫൗസിയ അണിയാത്ത ജഴ്സി കൾ ചുരുക്കം, അതിൽ പലതും സംസ്ഥാനത്തിൻ്റേതും ജില്ലയുടേയും തന്നെയായിരുന്നു.
അവസാനം ജീവിതമാർഗ്ഗമായി സ്വീകരിച്ചത് ഫുട്ബോൾ കോച്ചിൻ്റെ വേഷം.
നടക്കാവ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ ഭൗതികസൗകര്യങ്ങളിൽ അന്താരാഷ്ട്രാനിലവാരത്തിലേക്കുയരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഫുട്ബോളിൽ ഫൗസിയ ഒറ്റക്ക് നടക്കാവിനെ ദേശീയ തലത്തിലെത്തിച്ചിരുന്നു….
ദേശീയ താരം ടി. നിഖില ഉൾപ്പെടെ നിരവധി പേർ ഫൗസിയയുടെ ശിക്ഷണത്തിൽ ഫുട്ബോൾ കളങ്ങളിൽ മികവുതെളിയിച്ചു….
പരിശീലകയെന്ന നിലയിൽ ദേശീയ തലത്തിലും കേരളത്തിന് നേട്ടങ്ങളുണ്ടാക്കി.
ജീവിത പ്രാരാബ്ധങ്ങളെ തൻെറ പോസ്റ്റിൽ ഗോളടിക്കാൻ വിടാതെ പ്രതിരോധിച്ച ഈ മുൻ കേരളാ ഗോൾ കീപ്പർക്ക് ഇടക്ക് ക്യാൻസറിൻ്റെ രൂപത്തിൽ പുതിയപരീക്ഷണമെത്തി,
പക്ഷേ എല്ലാവരേയും അൽഭുതപ്പെടുത്തിക്കൊണ്ട് കീമോതെറാപ്പി കഴിഞ്ഞ് നേരെ ഗ്രൗണ്ടിലേക്കാണ് ഫൗസിയ എത്തിയത്.
അത്രമേൽ അവർ ഈ കളിയെ സ്നേഹിച്ചിരുന്നു. താൻ ചെയ്യുന്ന തൊഴിലിന് വില കൽപ്പിച്ചിരുന്നു….
രണ്ട് പതിറ്റാണ്ടായി കളത്തിലും പുറത്തും നിറഞ്ഞു നിൽക്കുമ്പോഴും അവരുടെ ജീവിത സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. അവിടെയും അവർ നല്ല പോരാട്ടത്തിലായിരുന്നു.
ഇന്ന് രാവിലെ ആ വാർത്തയറിഞ്ഞു എവേ മാച്ചിൽ ഫൗസിയ മാം നിലം തൊടീക്കാത്ത കാൻസർ ഹോം മാച്ചിൽ അവരെ തോൽപ്പിച്ചിരിക്കുന്നു…
പ്രിയ കോച്ച്,
കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നടക്കാവ് ഗേൾസിലെ പെൺകൂട്ടങ്ങൾക്കിടയിലിരുന്ന് ചിരിച്ച് കൊണ്ട് കൈവീശുന്ന നിങ്ങളുടെ മുഖം ,
നടക്കാവ് സ്കൂളിലെ ടർഫിൽ തട്ടമിട്ട് പന്തുതട്ടുന്ന നിങ്ങളുടെ ആ രൂപം മായില്ല മനസ്സിൽ നിന്നൊരിക്കലും …..
കണ്ണീർ പ്രണാമം…

Share news
 • 16
 •  
 •  
 •  
 •  
 •  
 • 16
 •  
 •  
 •  
 •  
 •