Section

malabari-logo-mobile

മുന്‍മന്ത്രി എം എ കുട്ടപ്പന്‍ അന്തരിച്ചു

HIGHLIGHTS : Former minister MA Kuttappan passed away

കൊച്ചി: മുന്‍മന്ത്രി എം എ കുട്ടപ്പന്‍ (75) അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. 2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു.

ബുധനാഴ്ച പത്തുമണി മുതല്‍ 12 മണി വരെ ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.

sameeksha-malabarinews

1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്.1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക – പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.

ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.

റിട്ട. അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കള്‍: അജിത്ത് പ്രശാന്ത് (കല്‍പ്പറ്റ), അനന്തു പ്രവീണ്‍ (എല്‍.എല്‍.ബി, വിദ്യാര്‍ഥി). എറണാകുളം പേരണ്ടൂര്‍ നിവ നഗറിലെ സാകേതിലായിരുന്നു താമസം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!