Section

malabari-logo-mobile

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെ ജയരാമന്‍ അന്തരിച്ചു

HIGHLIGHTS : Former Kerala cricket team captain K Jayaraman passed away

കൊച്ചി: കേരള ക്രിക്കറ്റ് ടീം മുന്‍ നായകനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സില്‍ അംഗവുമായ കെ ജയരാമന്‍ (ജയറാം) (67) അന്തരിച്ചു. എറണാകുളത്ത് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ- രമ ജയരാമന്‍, മകന്‍- അഭയ് ജയരാമന്‍. എണ്‍പതുകളില്‍ കേരള രഞ്ജി ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായിരുന്നു വലംകൈയന്‍ ബാറ്ററായ കെ ജയറാം. 1977നും 1989നും മധ്യേ 46 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചു.

1956 ഏപ്രില്‍ എട്ടിന് എറണാകുളത്തായിരുന്നു കെ ജയരാമന്‍ എന്ന ജയറാമിന്റെ ജനനം. 1986-87 സീസണ്‍ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നാല് സെഞ്ചുറിയുമായി തിളങ്ങിയ കെ ജയറാം ഇന്ത്യന്‍ ടീം സെലക്ഷന് തൊട്ടരികെ എത്തിയ ആദ്യ കേരള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 46 മത്സരങ്ങളില്‍ 5 സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയുമടക്കം 2358 റണ്‍സ് സ്വന്തമാക്കി. 133 ആണ് ഉയര്‍ന്ന സ്‌കോര്‍. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിനായി കളിച്ചിട്ടുണ്ട്. വിരമിച്ചതിന് ശേഷം കേരള ടീമിന്റെ മുഖ്യ സെലക്ടറായി പ്രവര്‍ത്തിച്ചു. ദേശീയ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്നു. 2010ല്‍ ബിസിസിഐ മാച്ച് റഫറിയുമായി. ആറ് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നിയന്ത്രിച്ചു.

sameeksha-malabarinews

രഞ്ജി ട്രോഫിയില്‍ കേരളം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു കെ ജയരാമന്‍. ഒരു രഞ്ജി സീസണില്‍ തുടര്‍ച്ചയായി നേടിയ നാല് സെഞ്ചുറികള്‍ കര്‍ണാടക, ഗോവ, തമിഴ്‌നാട് തുടങ്ങിയ മുന്‍നിര ടീമുകള്‍ക്ക് എതിരെയായിരുന്നു എന്നത് ഈ വിശേഷണം ശരിവെക്കുന്നു. തുടര്‍ച്ചയായി നാല് ശതകങ്ങള്‍ അടിച്ചതോടെ ദേശീയ ശ്രദ്ധയിലേക്കെത്തി. നിര്‍ഭാഗ്യം കൊണ്ടുമാത്രം ടീം ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചില്ല. സീനിയര്‍ ടീമിന് പുറമെ ജൂനിയര്‍ തലത്തിലും കേരള ക്യാപ്റ്റനായിരുന്നു. ഏറെക്കാലം കേരള രഞ്ജി ടീമിനൊപ്പം അണ്ടര്‍ 22, അണ്ടര്‍ 25 ടീമുകളുടേയും മുഖ്യ സെലക്ടറായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!