Section

malabari-logo-mobile

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

HIGHLIGHTS : Mamburum year has been finalized and started on 19th

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.

19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന 185-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും. രാത്രി നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, പി. ഇസ്ഹാഖ് ബാഖവി, മമ്പുറം ഖത്തീബ് ഹാഷിഫ് ഹുദവി സംബന്ധിക്കും.

sameeksha-malabarinews

20-ന് വ്യാഴാഴ്ച രാത്രി മഖാമില്‍ നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ സാരഥ്യം വഹിക്കും.
21, 22, 23, 24 തിയ്യതികളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. 21 ന് വെള്ളിയാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 22 ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിറാജുദ്ദീന്‍ ഖാസിമി പത്തനാപുരം പ്രഭാഷണവും നടത്തും. 23 ന് ഞായറാഴ്ച രാവിലെ ”മമ്പുറം തങ്ങളുടെ ലോകം” എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ നടക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്യും. മമ്പുറം തങ്ങളും മലബാറിലെ സാമൂഹ്യ പരിസരവും എന്ന വിഷയത്തില്‍ മദ്രാസ് ഐ.ഐ.ടി പ്രൊഫസര്‍ ഡോ. ആര്‍ സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. ശിവദാസന്‍, ഇസ്തംബൂള്‍ യൂനിവേഴ്സിറ്റി ഗവേഷകന്‍ ഡോ. മുസ്ഥഫ ഹുദവി ഊജമ്പാടി, ഡോ. മോയിന്‍ ഹുദവി മലയമ്മ തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളെ കുറിച്ചുള്ള പുസ്തക പ്രകാശനവും നടക്കും. സെമിനാറിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ദാറുല്‍ഹുദാ വെബ്സൈറ്റ് (ംംം.റവശൗ.ശി) സന്ദര്‍ശിക്കുക.

23 ന് രാത്രി നടക്കുന്ന പ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുനീര്‍ ഹുദവി വിളയില്‍ പ്രഭാഷണം നിര്‍വഹിക്കും. 24 ന് തിങ്കളാഴ്ച എം.പി മുസ്ഥഫല്‍ ഫൈസി ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നിര്‍വഹിക്കും.
25 ന് ചൊവ്വാഴ്ച രാത്രി മമ്പുറം തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനനദ് ദാനവും അദ്ദേഹം നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് നാസ്വിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ 26 ന് ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, കബീര്‍ ഹാജി ഓമച്ചപ്പുഴ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!