Section

malabari-logo-mobile

പ്രളയ നഷ്ടപരിഹാരം: അര്‍ഹരെ നിശ്ചയിക്കാനുള്ള പരിശോധന ഈ ആഴ്ച തുടങ്ങും

HIGHLIGHTS : മലപ്പുറം: പ്രളയം മൂലമുണ്ടായ ദുരിതബാധിതരില്‍ ധനസഹായം ലഭിക്കാന്‍ അര്‍ഹരായവരെ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധന ജില്ലയില്‍ ഈ ആഴ്ച തുടങ്ങ...

മലപ്പുറം: പ്രളയം മൂലമുണ്ടായ ദുരിതബാധിതരില്‍ ധനസഹായം ലഭിക്കാന്‍ അര്‍ഹരായവരെ നിശ്ചയിക്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പരിശോധന ജില്ലയില്‍ ഈ ആഴ്ച തുടങ്ങും. നഷ്ടപരിഹാരം ലഭിക്കുന്നതിനായി വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസുകളിലോ പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ലെന്നും പ്രത്യേക സംഘം വീടും സ്ഥലം സന്ദര്‍ശനം നടത്തിയാണ് നഷ്ടപരിഹാരത്തിന് അര്‍ഹരെ നിശ്ചയിക്കുകയെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.
വില്ലേജ് ഓഫീസര്‍/വില്ലേജ് അസിസ്റ്റന്റ്, തദ്ദേശ ഭരണ സ്ഥാപനത്തിലെ സെക്രട്ടറി/ ക്ലര്‍ക്ക്, തദ്ദേശ ഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ഓവര്‍ സിയര്‍ എന്നീ മൂന്നു പേരടങ്ങിയ സംഘമാണ് ദുരിത ബാധിത പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തുക. ഓരോ വില്ലേജിലെയും ദുരിത ബാധിതരുടെ എണ്ണം കണക്കാക്കി ആവശ്യമായ സംഘത്തെ ഓഗസ്റ്റ് 22 ന് നിയോഗിക്കും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സംഘത്തെ സഹായിക്കുന്നതിനായി ഒരു ഐ.ടി വളണ്ടിയറും ഉണ്ടാകും.
മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വിവരശേഖരണവും പരിശോധനയും ക്രോഡീകരണവും നടത്തുക. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഫോട്ടോ അടക്കമാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും. ഇവരുടെ പരിശോധന വിലയിരുത്തുന്നതിനായി പ്രത്യേകം സംഘത്തെയും നിയോഗിക്കും.
വീടുകളെ വെള്ളം കയറിയത്, ഭാഗികമായി തകര്‍ന്നത്, പൂര്‍ണ്ണമായി തകര്‍ന്നത്, പൂര്‍ണ്ണമായി തകര്‍ന്ന വീടും ഭൂമിയും എന്നിങ്ങനെ പ്രത്യേകം തരംതിരിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഓരോ സംഘവും മലയോര മേഖലകളില്‍ ചുരുങ്ങിയത് 10 വീടും അല്ലാത്തിയിടങ്ങളില്‍ 20 വീടുകളും ഒരു ദിവസം സംഘം സന്ദര്‍ശിക്കും.
തെറ്റായ വിവരം നല്‍കരുതെന്നും തെറ്റായ വിവരം നല്‍കുന്ന വീട്ടുടമകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!