Section

malabari-logo-mobile

ഡോക്സി ഡേ: പ്രചാരണ പരിപാടിക്ക് തുടക്കമായി

HIGHLIGHTS : തിരുവന്തപുരം: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ പ...

തിരുവന്തപുരം: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എത്തിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ പ്രചാരണ പരിപാടിക്ക് തുടക്കമായി. തമ്പാനൂര്‍ ബസ് സ്റ്റാന്റിലെ വഴികാട്ടി സെന്ററില്‍ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പ്രളയ സാഹചര്യത്തില്‍ വെള്ളമിറങ്ങുന്നതോടെ ജന്തുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടരാനുള്ള സാധ്യത ഏറെയാണെന്നും പ്രളയ ബാധിതരും സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഉറപ്പായും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടിയിലധികം ഡോക്‌സിസൈക്ലിന്‍ ഗുളിക ശേഖരിച്ചിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പകര്‍ച്ചവ്യാധി ലക്ഷണം കാണുന്നവര്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ദുരിത ബാധിത ജില്ലകളിലേക്ക് സന്നദ്ധപ്രവര്‍ത്തനത്തിന് പോകുന്ന യുവാക്കള്‍ക്ക് ആരോഗ്യമന്ത്രി ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തു.
നിലവില്‍ പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഗുളികവിതരണം നടന്നു വരികയാണ്. ഡോക്സി സൈക്ലിന്‍ ഫലപ്രദമാകണമെങ്കില്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ എത്രയും വേഗം ഗുളിക കഴിക്കണം. ഈ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്താനും മലിനജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ എല്ലാപേരും ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താനുമായാണ് ഡോക്സി ഡേ സംഘടിപ്പിക്കുന്നത്. പ്രളയം/മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ 200 എം.ജി. (100 എം.ജി. വീതമുള്ള 2 ഗുളികകള്‍) കഴിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവുകളുണ്ടെങ്കില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം ഡോക്‌സിസൈക്ലിന്‍ 100 എം.ജി. രണ്ട് നേരം കഴിച്ചുവെന്ന് ഉറപ്പാക്കണം.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികള്‍, കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഗുളിക വിതരണം നടത്തും. പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവന്‍ ആളുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം ഗുളിക കഴിച്ച് എലിപ്പനിയില്‍ നിന്നും രക്ഷ നേടണം.

sameeksha-malabarinews

എലിപ്പനിക്ക് ആവശ്യമായ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.
എന്‍. എച്ച്. എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ഡോ. വി. മീനാക്ഷി, ഡോ. രാജു, ഡോ. പി. വി. അരുണ്‍, ഡോ. അമര്‍ എസ്. ഫെറ്റില്‍, ഡി. എം. ഒ. ഡോ. പ്രീത പി. പി. തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!