Section

malabari-logo-mobile

ഹൈടെക്കായി മത്സ്യബന്ധനം: സര്‍ക്കാര്‍ നല്‍കിയ ആധുനിക സൗകര്യങ്ങളോടു കൂടിയ ബോട്ടുകള്‍ നീറ്റിലിറക്കി

HIGHLIGHTS : Hi-tech fishing: Boats with modern facilities provided by the government have been launched

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍ ഹസ്തം. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് മത്സ്യബന്ധന വള്ളങ്ങള്‍ നീറ്റിലിറക്കി. താനൂര്‍ ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ലാഭകരമായ മത്സ്യബന്ധനം നടത്തുന്നതിനാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ടുകള്‍ നല്‍കിയത്. സംസ്ഥാനത്ത് അനുവദിച്ച് 10 മത്സ്യബന്ധന ബോട്ടുകളില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണെന്നും അതില്‍ രണ്ടെണ്ണം താനൂരിലാണ് അനുവദിച്ചതെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. തുടര്‍ന്നും കൂടുതല്‍ സംഘങ്ങള്‍ക്ക് ബോട്ടുകള്‍ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മത്സ്യഫെഡ് ഡയറക്ടര്‍ പി.പി സൈതലവി അധ്യക്ഷത വഹിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു.

മത്സ്യഫെഡ് ജില്ലാ മാനേജര്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നാസര്‍ പോളാട്ട്, നഗരസഭാ കൗണ്‍സിലര്‍ പി.ടി അക്ബര്‍, സമദ് താനാളൂര്‍, കെ.ടി ശശി, കെ.പി സൈനുദ്ദീന്‍, സഹകരണ സംഘം പ്രസിഡന്റുമാരായ എം.പി മുഹമ്മദ് സറാര്‍, സെയ്തുമോന്‍ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി 1.57 കോടി രൂപ ചെലവ് വരുന്ന ബോട്ടുകളാണ് നല്‍കിയിട്ടുള്ളത്. ഹൈഡ്രോളിക് സംവിധാനത്തിലാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. 200 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം നടത്താനുള്ള ലൈസന്‍സ് അടക്കം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കൊച്ചിന്‍ ഷിപ് യാര്‍ഡിനു കീഴില്‍ ഉഡുപ്പിക്കു സമീപമുള്ള മാല്‍പ്പേ യാര്‍ഡില്‍ നിന്നും ആധുനിക രീതിയിലുള്ള ചൂണ്ടയും ഗില്‍നെറ്റ് വലകളും വള്ളത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. ലോങ്ലൈനര്‍ വിഞ്ച്, ഗില്‍നെറ്റ് ഹോളര്‍, അത്യാധുനിക സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജി.പി.എസ് ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപകരണങ്ങള്‍, ദുരന്ത മുന്നറിയിപ്പ് ഉപകരണം, മാഗ്നെറ്റിക് കോമ്പസ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വള്ളങ്ങളുടെ ഗതി ഓട്ടോമാറ്റിക്കായി ചൂണ്ടിക്കാണിക്കുന്ന സൗകര്യവുമുണ്ട്. 22.70 മീറ്റര്‍ നീളവും 6.40 മീറ്റര്‍ വീതിയുമുണ്ട് ബോട്ടുകള്‍ക്ക്. 10,000 ലിറ്റര്‍ ശുദ്ധജലം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്ക്, 70 ക്യൂബിക് മീറ്റര്‍ ശേഷിയുള്ള മത്സ്യസംഭരണി, എട്ടുപേര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, അടുക്കള എന്നിവയും ഇതിലുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!