ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വില്‍ക്കുന്നതു ക്രിമിനല്‍ കുറ്റം;അഞ്ചുലക്ഷം പിഴയും ആറുമാസം തടവും

തരുവനന്തപുരം: സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍.

മത്സ്യം കയറ്റിവരുന്ന വാഹനങ്ങള്‍ക്കു ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ വില്‍പ്പനയ്ക്കു കൊണ്ടുവരുന്ന മത്സ്യം ഏതു സ്ഥലത്തുനിന്നാണു കൊണ്ടുവരുന്നത്, ഏതു മാര്‍ക്കറ്റിലേക്കാണു കൊണ്ടുപോകുന്നത് അല്ലെങ്കില്‍ ഏതു വ്യക്തികള്‍ക്കായാണു കൊണ്ടുപോകുന്നത് എന്നിവ തെളിയിക്കുന്ന ഇന്‍വോയ്സ്, എഫ്എസ്എസ്എഐ ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയവ വാഹനത്തില്‍ സൂക്ഷിക്കണം. മത്സ്യം വാഹനത്തില്‍ കയറ്റുന്നതിനു മുന്‍പ് കണ്ടെയ്നറും പെട്ടികളും അണുവിമുക്തമാക്കണം.

മത്സ്യ വിതരണക്കാരും വ്യാപാരികളും മത്സ്യം കൊണ്ടുവരുന്ന ട്രക്ക് ഉടമകളും ഹൈജിന്‍ വ്യവസ്ഥകള്‍ പാലിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് വൃത്തിയുള്ളതും കുടിക്കാന്‍ യോഗ്യവുമായ വെള്ളത്തില്‍ നിര്‍മിച്ചതായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ പറഞ്ഞു. ഇവ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍മാരെ ചുമതലപ്പെടുത്തിയുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles