Section

malabari-logo-mobile

പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം ചെറുവയല്‍ രാമന്; മാര്‍ച്ച് 18 ന് മന്ത്രി ജി ആര്‍ അനില്‍ സമ്മാനിക്കും

HIGHLIGHTS : First Food Security Award to Cheruvayal Raman; Minister GR Anil will present it on March 18

കോഴിക്കോട്: സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ പ്രഥമ ഭക്ഷ്യഭദ്രതാ പുരസ്‌കാരം വയനാട് ജില്ലയിലെ പൈതൃക കര്‍ഷകനായ ചെറുവയല്‍ രാമന് മാര്‍ച്ച് 18 ന് സമ്മാനിക്കും. നളന്ദ ഓഡിറ്റോറിയത്തില്‍ 18 ന് രാവിലെ 11മണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പുരസ്‌കാരം നല്‍കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയാകും. മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, , ഭക്ഷ്യ വകുപ്പ് സെക്രട്ടറി അലി അസ്ഗര്‍ പാഷ, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പരമ്പരാഗതമായ ജൈവ കൃഷി രീതി അവലംബിച്ചു കൊണ്ട് ഭക്ഷ്യഭദ്രത രംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിക്കുന്ന കര്‍ഷകരെ ആദരിക്കുന്നതിന് വേണ്ടി സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ഏര്‍പ്പെടുത്തിയതാണ് ഭക്ഷ്യഭദ്രതാ പുരസ്‌കാരം. തടിയിലും ലോഹത്തിലുമായി നിര്‍മ്മിച്ച ‘പറ’യും പ്രശസ്തിപത്രവും 11,111 രൂപ പരിതോഷികവും അടങ്ങുന്നതാണ് പുരസ്‌കാരം.

sameeksha-malabarinews

വയനാട് ജില്ലയിലെ കൃഷി കുലത്തൊഴിലായുള്ള കുറിച്യ സമുദായ അംഗമായ ചെറുവയല്‍ രാമന്‍ പത്താമത്തെ വയസ്സില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ട വ്യക്തിയാണ്. കേരളത്തിന്റെ ഭക്ഷ്യഭദ്രതക്ക് കരുതലേകി ജൈവ പൈതൃകമായ പരമ്പരാഗത നെല്‍വിത്തുകള്‍ സൂക്ഷിക്കുന്ന വയനാട് ജില്ലയിലെ പൈതൃക കര്‍ഷകനാണ് ചെറുവയല്‍ രാമന്‍. കേരളത്തിലെ വയലുകളില്‍ പണ്ട് കാലത്ത് കൃഷി ചെയ്തിരുന്ന 58 ഇനം നെല്‍ വിത്തിനങ്ങള്‍ ഇപ്പോഴും കൃഷി ചെയ്യുകയും അവ അന്യം നില്‍ക്കാതെ സൂക്ഷിക്കുകയും ചെയ്തുവരികയാണ് ചെറുവയല്‍ രാമന്‍.

പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. പി.വസന്തം, വി.രമേശന്‍, എം.വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!