ബ്രസീലിയ : ലോകകപ്പ് ജയിച്ചാല്‍ ടീമുകള്‍ക്ക് അവരവരുടെ രാജ്യങ്ങള്‍ പണവും വസ്തുവുമടക്കം നിരവധി ഓഫറുകളാണ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇരുപതാം ലോകകപ്പ് ഫുട്‌ബോളില്‍ ഏറെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഹോളണ്ട് ടീമിന് ലോകകപ്പ് സ്വന്തമാക്കിയാല്‍ തികച്ചു വ്യത്യസ്തമായ ഓഫറാണ് നല്‍കിയിരിക്കുന്നത്. വിജയിച്ചു കഴിഞ്ഞാല്‍ താരങ്ങള്‍ക്ക് ബഹിരാകാശത്തേക്ക് സൗജന്യ യാത്രയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
എസ്എക്‌സ് സി എന്ന എയ്‌റോസ് ഫേസ് കമ്പനിയാണ് ഡച്ച് ടീമിനെ കൊതിപ്പിക്കുന്ന ഓഫര്‍ നല്‍കിയിരിക്കുന്നത്. ടീം ലോകകപ്പ് നേടുകയാണെങ്കില്‍ എല്ലാ ടീമംഗങ്ങള്‍ക്കും കോച്ചിനും ബഹിരാകാശ യാത്ര തങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്ന് കമ്പനി അധികൃതരാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
താരങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഹോളണ്ട് ഇത്തവണ ലോകകപ്പ് ഉയര്‍ത്തുമെന്നു തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും കമ്പനി വക്താവ് പറഞ്ഞു.




