Section

malabari-logo-mobile

ആദരമര്‍പ്പിച്ച് രാജ്യം ; രണ്ട് ദിവസം ദേശീയ ദുഖാചരണം

HIGHLIGHTS : Famous singer Lata Mangeshkar's death: Two days of mourning in the country

വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ രാജ്യത്ത് രണ്ടുദിവസത്തെ ദുഃഖാചരണം. ലതാജിയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

ലതാ മങ്കേഷ്‌കറുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഒരിക്കലും നികത്താന്‍ കഴിയാത്ത വിടവാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അതിഗായികയെന്ന നിലയില്‍ വരുംതലമുറകള്‍ അവരെ ഓര്‍ക്കും. ലതാ ദീദിയുടെ മരണത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്.

sameeksha-malabarinews

ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഹൃദയഭേദകമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ പറഞ്ഞു. അവരുടെ നേട്ടങ്ങള്‍ സമാനതകളില്ലാതെ നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലതാ മങ്കേഷ്‌കര്‍ സംഗീതലോകത്തിന് നല്‍കിയ സംഭാവനകള്‍ വാക്കുകള്‍ക്ക് അതീതമാണെന്നും അവരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം രാജ്യത്തിന് തീരനഷ്ടമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായാണ് സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ അന്തരിച്ചത്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു. കോവിഡ് സഹചര്യത്തില്‍ സംസ്‌കാരം ഇന്ന് വൈകിട്ട് ആറിന് നടക്കും. മുംബൈയിലെ ശിവജി പാര്‍ക്കിലാണ് അന്ത്യവിശ്രമം ഒരുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!