
വൈക്കത്ത് റെയില്‍വേ ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബും മരക്കഷ്ണവും. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ പൊതി റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ ഇവ കണ്ട് വേഗം കുറച്ചതിനാല്‍ ദുരന്തം ഒഴിവായി. തീവണ്ടികള്‍ ഇവയ്ക്കു മുകളിലൂടെ കടന്നുപോയി. മരക്കഷ്ണത്തിനും സ്ലാബിനും മുകളിലൂടെ കയറിയ തീവണ്ടികള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് യാത്ര തുടര്‍ന്നത്.
എറണാകുളം കോട്ടയം ലൈനില്‍ തടിയും കോട്ടയം-എറണാകുളം ലൈനില്‍ കോണ്‍ക്രീറ്റ് സ്ലാബുമാണ് നിരത്തിയത്. വെള്ളിയാഴ്ച രാത്രി 11.45നു എറണാകുളം-കോട്ടയം ലൈനിലൂടെ എത്തിയ വെരാവല്‍- തിരുവനന്തപുരം എക്സ്പ്രസാണ് തടിക്കഷണത്തില്‍ കയറിയത്. കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ഓപ്പറേഷനല്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഈ ലൈനിലെ ഗതാഗതം പരിശോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ പുലര്‍ച്ചെ 12.30ന് കോട്ടയം-എറണാകുളം ലൈനിലൂടെ എത്തിയ തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് കോണ്‍ക്രീറ്റ് സ്ലാബിനു മുകളിലൂടെ കയറിയിറങ്ങി. അസാധാരണ കുലുക്കം ശ്രദ്ധയില്‍പെട്ട ഈ ട്രെയിനിന്റെ ലോക്കോ പൈലറ്റും വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു.
വൈക്കം ഡിവൈ.എസ്.പി കെ.എ. തോമസ്, തലയോലപ്പറമ്പ് സി.ഐ. മനോജ്, എസ്.ഐ.മാരായ വി.വിദ്യ, സുധീരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍ (സെക്യൂരിറ്റി വിഭാഗം) ഗോപകുമാര്‍ പറഞ്ഞു.




