HIGHLIGHTS : Entrepreneurial training was given to expatriates
പെരിന്തല്‍മണ്ണ:പ്രവാസികള്‍ക്കും വിദേശത്ത് നിന്നും തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീലനം നല്‍കി. പ്രവാസി സംരംഭങ്ങള്‍ക്കുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. പ്രവാസികളുടെ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നല്‍കിയത്. പെരിന്തല്‍മണ്ണ വാവാസ് മാളില്‍ നടന്ന പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്തു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സി.ഇ.ഒ ബെനഡിക്ട് വില്യം ജോണ്‍സ് അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, നോര്‍ക്ക ബിസിനസ് ഫെസിലിറ്റി സെന്റര്‍ പ്രോഗ്രാം മാനേജര്‍ കെ.വി സുരേഷ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബി ഷറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
നോര്‍ക്ക റൂട്ട്‌സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പാക്കുന്ന വിവിധ സംരംഭകസഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും നല്‍കി. പ്രോജക്ടുകള്‍ തയ്യാറാക്കുന്നത് സംബന്ധിച്ചും, എം.എസ്.എം.ഇ യെക്കുറിച്ചും അവബോധമുണ്ടാക്കാനുളള ക്ലാസുകളും പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.


പ്രവാസികള്‍ക്കും വിദേശത്തുനിന്നും തിരികെ വന്നവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളും, സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി). സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായകരമാകുന്ന ഏകജാലക സംവിധാനം എന്ന നിലയിലും നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു