
ഹരിപ്പാട് മുട്ടത്ത് വൃദ്ധമാതാവിന് സൈനികനായ മകന്റെ ക്രൂര മർദ്ദനം. മുട്ടം സ്വദേശിയും സൈനികനും ആയ മകൻ സുബോധാണ് വീട്ടിൽ മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രൂരമായി മർദ്ദിച്ചത്. കരിയിലകുളങ്ങര പോലീസ് സുബോധിനെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിന് പോലീസ് കേസെടുത്തു .
മദ്യലഹരിയിൽ അമ്മയെ എടുത്തുയർത്തി നിലത്ത് അടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. പലതവണ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദ്ദനം തുടരുകയായിരുന്നു. വീട്ടിൽ തന്നെയുള്ള മറ്റൊരു മകൻ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
മാതാവിൻറെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതാം തീയതി ആണ് സുബോധ് നാട്ടിൽ ലീവിന് വന്നത്. അമ്മയെ ഇയാൾ സ്ഥിരമായി ഉപദ്രവിക്കാറുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.
മാതാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു




