Section

malabari-logo-mobile

‘ഹര്‍ ഘര്‍ തിരംഗ’ ജില്ലയിലും വിപുലമായ ഒരുക്കങ്ങള്‍; പതാക നിര്‍മാണത്തില്‍ കുടുംബശ്രീയും

HIGHLIGHTS : Elaborate preparations in 'Har Ghar Tiranga' district too; Kudumbashree in flag making

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി ദേശീയ പതാകയ്ക്ക് കൂടുതല്‍ ആദരവ് നല്‍കുന്നതിനും പൗരന്മാര്‍ക്ക് ദേശീയ പതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ഹര്‍ ഘര്‍ തിരംഗ’ (ഓരോ വീട്ടിലും ത്രിവര്‍ണപതാക) ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിപുലമായി ആഘോഷിക്കും. ജില്ലയിലെ ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടികള്‍ വിലയിരുത്തുന്നതിനായി കലക്ടറേറ്റില്‍ എ.ഡി.എം എന്‍.എം മെഹ്റലിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂള്‍ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ‘ഹര്‍ ഘര്‍ തിരംഗ’യില്‍ എല്ലാ ജനങ്ങളെയും പങ്കെടുപ്പിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയില്‍ നടക്കുന്നത്.

ജില്ലയിലെ പൊതുജനങ്ങള്‍ക്ക് ആവശ്യമായ പതാകകള്‍ നിര്‍മിച്ചു നല്‍കാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിലവില്‍ 94 യൂണിറ്റുകളാണ് മലപ്പുറം ജില്ലയില്‍ പതാക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ മേല്‍നോട്ടത്തിലാണ് പതാക നിര്‍മാണം പുരോഗമിക്കുന്നത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പതാകകള്‍ ആവശ്യാനുസരണം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 29 വൈകീട്ട് അഞ്ച് വരെയാണ് പതാക നിര്‍മാണത്തിന് കുടുംബശ്രീ മുഖേന ഓര്‍ഡറുകള്‍ നല്‍കേണ്ടത്. ഓര്‍ഡറുകള്‍ memalappuram@gmail.com, raincloth2022@gmail.com ലേക്കും കുടുംബശ്രീയിലേക്ക് നേരിട്ടും നല്‍കാം. ഓഗസ്റ്റ് എട്ടോടെ പതാകകള്‍ വിതരണത്തിന് തയ്യാറാവും. ജില്ലയില്‍ ഒരു ലക്ഷത്തിന് മുകളില്‍ ഓര്‍ഡറുകളാണ് കുടുംബശ്രീ ജില്ലാമിഷന്‍ പ്രതീക്ഷിക്കുന്നത്. ഓര്‍ഡറുകള്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ യൂണിറ്റുകള്‍ പതാക നിര്‍മാണത്തില്‍ പങ്കാളികളാകും. കുടുംബശ്രീയുടെ ഭാഗമായി സി.ഡി.എസ് തലത്തില്‍ എല്ലാ അയല്‍കൂട്ട വീടുകളിലും പതാക ഉയര്‍ത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും. ഇതിനുള്ള പ്രചാരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും സി.ഡി.എസ് തലത്തിലും കുടുംബശ്രീ നല്‍കുന്നുണ്ട്.

sameeksha-malabarinews

പതാകയുടെ വില

ഇന്ത്യന്‍ ഫ്ളാഗ് കോഡ് പ്രകാരം നാലു തരത്തിലുള്ള പതാകകളാണ് നിലവില്‍ കുടുബശ്രീ യൂണിറ്റുകള്‍ നിര്‍മിക്കുന്നത്. 36×24 ഇഞ്ച് വലുപ്പത്തില്‍ പോളിസ്റ്റര്‍ മിക്സിലുള്ള പതാകയ്ക്ക് 30 രൂപയും കോട്ടന്‍ പതാകയ്ക്ക് 40 രൂപയുമാണ് വില. 762 മി.മി x 508 മി.മി വലുപ്പത്തിലുള്ള പോളിസ്റ്റര്‍ മിക്സ് പതാകയ്ക്ക് 28 രൂപയും കോട്ടന്‍ പതാകയ്ക്ക് 38 രൂപയുമാണ് വില. ദേശീയ പതാകയുടെ അന്തസ്സ് നിലനിര്‍ത്തി കൊണ്ട് വലിപ്പം, മെറ്റീരിയല്‍, വില എന്നിവയില്‍ ഏകീകൃത സ്വഭാവം നിലനിര്‍ത്താന്‍ കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് കൃത്യമായ മേല്‍നോട്ടം നടത്തുന്നുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് പറഞ്ഞു.

പതാക ഉയര്‍ത്താന്‍ മൂന്ന് ദിനം

ഓഗസ്റ്റ് 13 മുതല്‍ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്ത് എല്ലാവരും ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമാകാനാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ടവരുടെ മഹത്തായ ധൈര്യത്തെയും പ്രയത്നത്തെയും ഇതിലൂടെ അനുസ്മരിക്കുന്നതായും രാജ്യത്തെ യുവജനങ്ങളില്‍ ദേശീയോദ്ഗ്രഥന പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുന്നതിനും ദേശീയ പതാകയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുമാണ് രാജ്യമെമ്പാടും ‘ഹര്‍ ഘര്‍ തിരംഗ’ സംഘടിപ്പിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!