Section

malabari-logo-mobile

ഹെല്‍ത്ത് സെന്ററുകളുടെ വിപുലീകരണം: ആവശ്യം ശക്തമാകുന്നു

HIGHLIGHTS : ദോഹ: വിദേശികളുള്‍പ്പെടെ ചികിത്സക്കായി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഹെല്‍ത്ത് സെന്ററുകള്‍ വിപുലീകരിക്കണമെന്നും ആധുനിക സൗകര്യങ്ങളോടുകൂടിയ എമര്‍ജന...

ദോഹ: വിദേശികളുള്‍പ്പെടെ ചികിത്സക്കായി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ഹെല്‍ത്ത് സെന്ററുകള്‍ വിപുലീകരിക്കണമെന്നും ആധുനിക സൗകര്യങ്ങളോടുകൂടിയ എമര്‍ജന്‍സി വിഭാഗങ്ങള്‍ സജ്ജീകരിക്കണമെന്നും ആവശ്യമുയരുന്നു.
രാജ്യത്തെ നിരവധി ഹെല്‍ത്ത് സെന്ററുകളില്‍ നിരവധി പരാധീനതകള്‍ അനുഭവിക്കുന്നതായി മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മെഡിക്കല്‍ സ്റ്റാഫിന്റെയും ഭരണനിര്‍വ്വഹണ വിഭാഗത്തിലെയും എമര്‍ജന്‍സി വിഭാഗത്തിലെയും ജീവനക്കാരുടെയും കുറവ് ഇത്തരം ക്ലിനിക്കുകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. ദോഹയ്ക്ക് പുറത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്കെത്തിപ്പെടാനുള്ള പ്രയാസവും സ്റ്റാഫുകള്‍ക്ക് കൈകാര്യം ചെയ്യാനാവാത്ത വിധം സന്ദര്‍ശകരുടെ വര്‍ധനവും ഇത്തരം ക്ലിനിക്കുകള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളാണ്.
ആരോഗ്യ കേന്ദ്രങ്ങളില്‍ എക്‌സ്‌റേ, ഡയാലിസിസ് സൗകര്യങ്ങളും നേത്ര, ദന്ത, ഹൃദയ ചികിത്സാ വിഭാഗങ്ങളും കൂടാതെ പ്രസവവിഭാഗം, എമര്‍ജന്‍സി വിഭാഗം എന്നിവയും പൂര്‍ണ സൗകര്യത്തോടെ സജ്ജമാക്കണമെന്നും തദ്ദേശീയര്‍ ആവശ്യമുന്നയിച്ചു. ചില കേന്ദ്രങ്ങളില്‍ ജനറല്‍ പ്രാക്ടീഷണറുടെ സേവനം മാത്രമാണ് ലഭ്യമാവുന്നത്.
ഹെല്‍ത്ത് സെന്ററുകളില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ഉപകരണങ്ങളും സജ്ജമാക്കുക വഴി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെയും അല്‍സദ്ദ്, റയ്യാന്‍ എമര്‍ജന്‍സി വിഭാഗങ്ങളിലെയും തിരക്ക് ഒരു പരിധ ിവരെ കുറക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അല്‍ ജുമൈല ഹെല്‍ത്ത് സെന്റര്‍ അസൗകര്യങ്ങളെ തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടുകയാണ്. രണ്ട് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും ഒരു ഡോക്ടറും മാത്രമാണിവിടെ സേവനമനുഷ്ഠിക്കുന്നത്.   ഇ എന്‍ ടി, ഹൃദയ, ചികിത്സ, പ്രസവ വിഭാഗം ഉള്‍പ്പെടെ മിക്ക വിഭാഗങ്ങളിലും മെഡിക്കല്‍ സ്റ്റാഫുകളില്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. എക്‌സ്‌റേയുടേയും മറ്റ് ഉപകരണങ്ങളുടെയും അഭാവം കാരണം രോഗികള്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ദോഹയിലോ ശഹാനിയ്യയിലോ ഉള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ചികിത്സ തേടുന്നത്.
ആരോഗ്യ ചികിത്സാ രംഗത്ത് ലഭ്യമാവേണ്ട സേവനങ്ങള്‍ ലഭിക്കാതായതോടെ നിരവധി കുടുംബങ്ങള്‍ ദോഹയിലേക്ക് താമസം മാറുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പരിക്ഷീണരായി ചികിത്സാ കേന്ദ്രങ്ങളിലെത്തുന്ന പരിതസ്ഥിതി ഒഴിവാക്കാന്‍ അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!