ബാലമന്ദിരത്തിലെ കുരുന്നുകള്‍ക്ക് ദീപാവലി മധുരവും ഉപദേശവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ദീപാവലിത്തലേന്ന് പൂജപ്പുര സര്‍ക്കാര്‍ ബാലമന്ദിരത്തിലെ കുരുന്നുകള്‍ക്ക് ആശംസകളുമായി മധുരം നല്‍കാന്‍ ഗവര്‍ണര്‍ പി. സദാശിവം നേരിട്ടെത്തി. ദീപാവലി മധുരം വിതരണം ചെയ്തശേഷം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ഉന്നതനിലയിലെത്താനുള്ള ഉപദേശങ്ങളും പകര്‍ന്നുനല്‍കിയശേഷമാണ് അദ്ദേഹം മടങ്ങിയത്.
സര്‍ക്കാര്‍ നല്‍കിവരുന്ന വിദ്യാഭ്യാസം കൃത്യമായി ഉപയോഗിച്ചാല്‍ ഉന്നതസ്ഥാനങ്ങളില്‍ എത്താന്‍ ബാലമന്ദിരത്തിലെ കുട്ടികള്‍ക്കും കഴിയുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വളരെ ഗ്രാമീണമായ കര്‍ഷകപശ്ചാത്തലത്തില്‍നിന്നാണ് താന്‍ രാജ്യത്തെ പരമോന്നത പദവിയില്‍ എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ മികച്ച കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ മികച്ച വിദ്യാഭ്യാസമാണ് നല്‍കിവരുന്നത്. ഇത് നല്ലരീതിയില്‍ ഉപയോഗിച്ച് പഠിച്ചാല്‍ മികച്ച ഭാവിയുണ്ടാകും.
മലയാളികള്‍ ലാളിത്യമുള്ളവരും മികച്ച വിദ്യാഭ്യാസമുള്ളവരുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഉന്നതസ്ഥാനങ്ങളിലെത്തുന്നത്. കേരളത്തിലെ പ്രകൃതിയും കാലാവസ്ഥയും വളരെ മികച്ചതാണ്. ആ മനോഹര പ്രകൃതിയെ തകര്‍ക്കാതെ സംരക്ഷിക്കുന്ന നില വിദ്യാര്‍ഥികളില്‍നിന്നുണ്ടാ കണമെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
ദീപാവലി ദിവസം പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ബാലമന്ദിരത്തിലെ അന്തേവാസികള്‍ക്ക് നല്‍കാന്‍ 15,000 രൂപ ഗവര്‍ണര്‍ മന്ദിരം സൂപ്രണ്ടിന് കൈമാറി.
അന്തേവാസികളായ കുട്ടികള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ നാടന്‍പാട്ടും അവതരിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള സ്ഥാപനത്തില്‍ 66 കുട്ടികളാണുള്ളത്. വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഷീജ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles